കൊച്ചി- വിവാഹ രജിസ്‌ട്രേഷൻ അപേക്ഷയ്‌ക്കൊപ്പം ഫീസ് അടയ്ക്കാതിരുന്നതിനെ തുടർന്ന് മിശ്രവിവാഹിതരുടെ കല്യാണം വൈകി. സ്‌പെഷ്യൽ മാരേജ് ആക്ട് അനുസരിച്ച് വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് നോട്ടീസ് നൽകുന്ന ദിവസം തന്നെ നിശ്ചിത ഫീസായ 110 രൂപ അടയ്ക്കണം. പണം അടയ്ക്കാൻ മറന്നതിനെ തുടർന്ന് സൗദി അറേബ്യയിൽ നഴ്‌സായി ജോലി ചെയ്യുന്ന വധുവിന് മുൻകൂട്ടി നിശ്ചയിച്ച് ഉറപ്പിച്ച മടക്കയാത്ര നീട്ടിവെയ്‌ക്കേണ്ടി വന്നു. സമയപരിധിക്കുള്ളിൽ വിവാഹം രജിസ്റ്റർ ചെയ്ത് കിട്ടുന്നതിന് കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇളവ് അനുവദിച്ചില്ല.
ജൂൺ 11നാണ് വിവാഹ രജിസ്‌ട്രേഷനായി സബ് രജിസ്ട്രാർ ഓഫീസിൽ നോട്ടീസ് നൽകിയത്. എന്നാൽ രജിസ്‌ട്രേഷന്റെ ഭാഗമായി നൽകേണ്ട ഫീസായ 110 രൂപ ഒടുക്കാൻ ദമ്പതികൾ മറന്നുപോയി. ആഴ്ചകൾ കഴിഞ്ഞപ്പോഴാണ് ഇക്കാര്യം ദമ്പതികൾ തിരിച്ചറിഞ്ഞത്. നോട്ടീസ് രജിസ്ട്രാർ ഓഫീസിൽ പതിപ്പിക്കാതിരുന്നത് ശ്രദ്ധയിൽപ്പെട്ട വധുവരന്മാർ ഇക്കാര്യം അന്വേഷിക്കുകയായിരുന്നു. തുടർന്ന് ജൂലൈ ഒൻപതിനാണ് ഇവർ ഫീസ് ഒടുക്കിയത്. ഫീസ് ഒടുക്കി ഒരു മാസം കഴിയുമ്പോൾ മാത്രമാണ് വിവാഹ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ.
മുൻകൂട്ടി തീരുമാനിച്ചത് അനുസരിച്ച് വധുവിന് ഓഗസ്റ്റ് അഞ്ചിന് ജോലിക്കായി സൗദിഅറേബ്യയിലേക്ക് തിരികെ പോകണം. സ്‌പെഷ്യൽ മാരേജ് ആക്ട് അനുസരിച്ച് ഓഗസ്റ്റ് അഞ്ചിന് മുൻപ് വിവാഹം രജിസ്റ്റർ ചെയ്ത് തരാൻ സാധിക്കില്ലെന്ന് രജിസ്ട്രാർ അറിയിച്ചു.തുടർന്ന് ദമ്പതികൾ ഇളവ് തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നുവെന്ന് ദമ്പതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ആർ രാജേഷ് പറയുന്നു.എന്നാൽ 1958ലെ പ്രത്യേക വിവാഹ നിയമം അനുസരിച്ച് നോട്ടീസ് നൽകുന്നതിനൊപ്പം ഫീസ് ഒടുക്കേണ്ടതാണ് എന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ വധു മടക്കയാത്ര കുറച്ചുദിവസത്തേയ്ക്ക് നീട്ടിവെച്ചു. നോട്ടീസ് നൽകി ഒരു മാസം തികയുന്ന ഓഗസ്റ്റ് ഒൻപതിന് ശേഷം മാത്രമേ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുളള തീയതി രജിസ്ട്രാർ അനുവദിക്കുകയുള്ളൂ എന്ന കാരണത്താലാണ് മടക്കയാത്ര നീട്ടിവെച്ചത്.