തിരുവനന്തപുരം- വാക്‌സിനേഷന്‍ യജ്ഞം ഇന്ന് തുടങ്ങാനിരിക്കെ സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം. രണ്ടേകാല്‍ ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് നിലവില്‍ അവശേഷിക്കുന്നത്. വാക്‌സിന്‍ ക്ഷാമം കാരണം തിരുവനന്തപുരം ജില്ലയില്‍ കുത്തിവെപ്പ് യജ്ഞം തുടങ്ങാനായില്ല. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി ആകെ അവശേഷിക്കുന്നത് അഞ്ഞൂറില്‍ പരം ഡോസ് വാക്‌സിന്‍ മാത്രമാണ്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ പോലും ഇന്ന് വാക്‌സിനേഷന്‍ ഇല്ല.
വിദ്യാലയങ്ങളില്‍ അധ്യയനം ആരംഭിക്കുന്നത് ലക്ഷ്യമിട്ട് അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികളുടെയും എല്‍.പി, യു.പി സ്‌കൂള്‍ അധ്യാപകരുടെയും കുത്തിവെപ്പ് പൂര്‍ത്തീകരിക്കാനാണ് വാക്‌സിനേഷന്‍ യജ്ഞത്തിന് പദ്ധതിയിട്ടത്. എന്നാല്‍ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ആവശ്യത്തിന് വാക്‌സിന്‍ സ്റ്റോക്കില്ല എന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ബുധനാഴ്ചയേ അടുത്ത സ്റ്റോക്ക് എത്തൂ എന്നാണ് കേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പ്. അതിനാല്‍ വാക്‌സിനേഷന്‍ യജ്ഞവും സാധാരണ ഗതിയിലുള്ള കുത്തിവെപ്പും പ്രതിസന്ധിയിലാകും.