Sorry, you need to enable JavaScript to visit this website.

ശ്രീറാമിന്റേയും വഫയുടേയും ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ അഭിഭാഷകർ മർദ്ദിച്ചു

തിരുവനന്തപുരം- മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ മരണത്തിന് ഇടയാക്കിയ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനും രണ്ടാം പ്രതി വഫ ഫിറോസും കോടതിയിൽ എത്തുന്ന ചിത്രം എടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകനു മർദനം. സിറാജ് ഫോട്ടോഗ്രാഫർ ശിവജിക്കാണ് മർദനമേറ്റത്.
പ്രതികൾ കോടതിയിൽനിന്ന് തിരിച്ചിറങ്ങുന്ന സമയം ശിവജി ചിത്രം പകർത്തി. ശ്രീറാം കാറിൽ കയറി പോയി. വഫയുടെ ചിത്രം എടുക്കുന്ന സമയത്ത് അഭിഭാഷകരും കൂടെയുള്ളവരും ചേർന്നു ശിവജിയെ കയ്യേറ്റം ചെയ്യുകയായിരുന്നു. ക്യാമറയും അക്രഡിറ്റേഷൻ കാർഡും പിടിച്ചു വാങ്ങി. ഫോട്ടോ നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിച്ചു. ഫോൺ പിടിച്ചു പറിക്കാൻ ശ്രമിച്ചെങ്കിലും ആ സമയത്ത് അവിടെയെത്തിയ പോലീസുകാരുടെ കയ്യിലേക്കു ശിവജി ഫോൺ കൈമാറി.

സ്ഥലത്തേക്ക് എത്തിയ പത്രപ്രവർത്തക യൂണിയൻ ജില്ലാ നേതാവ് സുരേഷ് വെള്ളിമംഗലത്തെ അഭിഭാഷകർ പിടിച്ചു തള്ളി. മോശമായ വാക്കുകൾ ഉപയോഗിച്ചു. പിന്നീട് പത്രപ്രവർത്തക യൂണിയൻ പ്രതിനിധികളും ശിവജിയും വഞ്ചിയൂർ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി. മാധ്യമങ്ങളോട് സ്‌റ്റേഷനിൽനിന്ന് പുറത്തുപോകാൻ അഭിഭാഷകർ ആക്രോശിച്ചു. പോലീസും ഇതേ ആവശ്യം ഉന്നയിച്ചു. ശിവജിയുടെ പരാതിയിൽ കേസ് എടുക്കാൻ പോലീസ് തയാറായിട്ടില്ല.
 

Latest News