കണ്ണൂർ- സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയുടെ ഉറ്റ സുഹൃത്ത് അഴീക്കൽ കപ്പക്കടവിലെ റമീസിന്റെ മരണത്തിനിടയാക്കിയ അപകടത്തിനിടയാക്കിയ കാർ ഓടിച്ചിരുന്ന യുവാവ് രക്തം ഛർദ്ദിച്ചു മരിച്ചു. തളാപ്പ് സ്വദേശി പി.വി. അശ്വിൻ (41) ആണ് മരിച്ചത്. കണ്ണൂരിലെ എ.കെ.ജി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്നലെ വൈകിട്ട് നാലരയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അശ്വിൻ ഇന്നു രാവിലെയാണ് മരിച്ചത്. മരണത്തിൽ ദുരൂഹതയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെയായിരുന്നു റമീസ് ജൂലൈ 23ന് അപകടത്തിൽ കൊല്ലപ്പെട്ടത്. അപകടത്തിൽപ്പെട്ട റമീസിനെയോ കള്ളക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെയോ അറിയില്ലെന്ന് അശ്വിൻ പോലീസിന് മൊഴി നൽകിയിരുന്നു. ഓസ്‌ട്രേലിയയിൽ ജോലി ചെയ്തുവരവെ അവധിക്കു വന്നതായിരുന്നു അശ്വിൻ.