കോഴിക്കോട്- ലീഗിൽ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമ്പോൾ അലോസരപ്പെടുന്നവരാണ് തന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യുകയാണെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. പാണക്കാട് കുടുംബവും കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളും കാണിച്ച ഉന്നത ജനാധിപത്യ മൂല്യങ്ങളുടെ ഫലമാണ് ഇന്നലെ മുസ്ലിം ലീഗെടുത്ത തീരുമാനങ്ങൾ.
അഭിപ്രായങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടെങ്കിൽ പറയേണ്ടത് പറയേണ്ടത് പോലെ പറയാൻ വേണ്ടുവോളം ഇടമുള്ള പാർട്ടിയാണ് ലീഗ്. അഭിപ്രായം പറയാൻ ഇന്നുവരെ മടി കാണിച്ചിട്ടുമില്ല. അതിന് ആരുടെയും ഉപദേശവും ആവശ്യമില്ല. ഞങ്ങളൊക്കെ ലീഗിനെ നെഞ്ചേറ്റിയവരാണ് ലാഭനഷ്ടങ്ങളുടെ തരാതരം നോക്കി പ്രസ്ഥാനത്തെ വഴിയിലുപേക്ഷിച്ചു പോയവരുടെ കൂട്ടത്തിൽ ഞങ്ങൾ ഉണ്ടാവില്ല. ഇവിടെയുണ്ടാവും തോളോട് തോൾ ചേർന്ന് ഒത്തൊരുമിച്ച് ഒരു മനവും ഒരുമെയ്യുമായെന്നും ഷാജി പറഞ്ഞു.