മലപ്പുറം- ലീഗ് നേതൃയോഗത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് കനത്ത തിരിച്ചടി. മുഈനലി തങ്ങള്‍ക്കെതിരെ അച്ചടക്കനടപടി വേണമെന്ന ആവശ്യത്തിന് പിന്തുണ ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ട്. യോഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചത് സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്രമാണ്. റാഫി പുതിയകടവിനെതിരെ നടപടിയെടുത്തതിലും കുഞ്ഞാലിക്കുട്ടിക്ക് അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. യോഗത്തില്‍ വൈകാരികമായാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. പി.കെ കുഞ്ഞാലിക്കുട്ടിയിലേക്ക് പാര്‍ട്ടി ചുരുങ്ങുന്നു എന്ന അണികളുടെ വ്യാപക പരാതിക്കിടെയാണ് മുഈന്‍ അലി തങ്ങളുടെ ഭാഗത്ത് നിന്ന് കുഞ്ഞാലിക്കുട്ടിക്കെതിരെ പൊതുമധ്യത്തില്‍ അതിരൂക്ഷ വിമര്‍ശനമുണ്ടാകുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ ഉന്നതാധികാര സമിതി ചേരുമ്പോള്‍ മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സ്വാഭാവികമായും പ്രതീക്ഷിച്ചിരുന്നത്. കുഞ്ഞാലിക്കുട്ടി പക്ഷത്തിന് ആധിപത്യമുണ്ടായിരുന്ന മുസ്‌ലിം ലീഗില്‍ ആ തരത്തിലായിരുന്നു നടപടി വരേണ്ടിയിരുന്നത്. ഇന്നലെ കൊടപ്പനക്കല്‍ വീട്ടില്‍ പാണക്കാട് കുടുംബം അനൗദ്യോഗിക യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ മുഈനലിക്കെതിരെ നടപടി വേണ്ടെന്നാണ് തീരുമാനിച്ചത്. ചന്ദ്രികയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹൈദരലി തങ്ങള്‍ തന്നെയാണ് മുഈനലിയെ ചുമതലപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്ന കുറുപ്പടി പുറത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ തീരുമാനം പാണക്കാട് സാദിഖ് അലി ഷിബാഹ് തങ്ങള്‍ ഉന്നതാധികാര സമിതിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ നേതൃയോഗത്തില്‍ മുഈനലിക്കെതിരെ നടപടിവെണമെന്ന കുഞ്ഞാലിക്കുട്ടിയുടെ വാദങ്ങള്‍ക്ക് പിന്തുണ ലഭിച്ചില്ല. മുതിര്‍ന്ന നേതാക്കളടക്കം വാദത്തെ പിന്തുണച്ചില്ലെന്ന് മാത്രമല്ല, വിമര്‍ശിക്കുകയും ചെയ്തു.