കൊച്ചി - മുസ്‌ലിം ലീഗിലെ പ്രശ്‌നങ്ങളിൽ അഭിപ്രായം പറയാനില്ലെന്നും ഓരോ പാർട്ടിയിലെയും ആഭ്യന്തര പ്രശ്‌നങ്ങൾ ആ പാർട്ടികളാണ് പരിഹരിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മീറ്റ് ദി പ്രസ് പരിപാടിയിൽ പറഞ്ഞു.
എല്ലാ പാർട്ടികളിലും ആഭ്യന്തര പ്രശ്‌നങ്ങളുണ്ട്. മുസ്‌ലിം ലീഗിന് ആ പാർട്ടിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശക്തമായ സംവിധാനമുണ്ട്. പരാതികളുണ്ടെങ്കിൽ ഇ.ഡി അന്വേഷിക്കട്ടെ. ഇ.ഡി അന്വേഷണത്തെ എതിർക്കുന്ന രീതി ഞങ്ങൾക്കില്ല. ഇ.ഡി അന്വേഷണത്തെ സർക്കാരും സി.പി.എമ്മും എതിർത്തത് പോലുള്ള നിലപാട് സ്വീകരിക്കില്ല. കൊടകര കുഴൽപണ കേസിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കിയതിനാലാണ് അന്വേഷണം നിലച്ചതെന്ന് സതീശൻ ആരോപിച്ചു. സ്വർണക്കടത്തു കേസും കുഴൽപണ കേസും ഒരുമിച്ചു തീർന്നു. കുഴൽപണ കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് തുടക്കത്തിൽ തന്നെ പ്രതിപക്ഷം പറഞ്ഞു. എന്നാൽ ഭരണ പക്ഷം അതിനെ പരിഹസിക്കുകയാണ് ചെയ്തത്. ഒടുവിൽ പോലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നത് കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നാണെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാരിനോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ആരോപണം സതീശൻ നിഷേധിച്ചു. ഒരു ഘട്ടത്തിലും സർക്കാരിനോട് മൃദുസമീപനം എടുത്തിട്ടില്ലെന്നും ഉയർന്നുവന്ന ഓരോ വിഷയത്തിലും സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനും സർക്കാരിന്റെ തെറ്റായ നടപടികൾ തിരുത്തിക്കാനും പ്രതിപക്ഷ ഇടപെടലിലൂടെ സാധിച്ചിട്ടുണ്ടെന്നും പ്രതിപക്ഷം ദുർബലമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസിലെ ഒരു വിഭാഗം ഹൈക്കമാന്റിന് പരാതി നൽകിയതിനെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
നിയമസഭയിൽ യു.ഡി.എഫ് ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. മുതിർന്ന നേതാക്കളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. അവരാരും പ്രതിപക്ഷ നേതാവിന്റെ പ്രവർത്തനത്തെക്കുറിച്ച് പരാതി പറഞ്ഞിട്ടില്ല. എല്ലാവരും അഭിനന്ദിക്കുകയാണ് ചെയ്യുന്നത്. കോവിഡ് മുതൽ ശിവൻകുട്ടി വിഷയം വരെ ശക്തമായ നിലപാടാണ് നിയമസഭയിൽ പ്രതിപക്ഷം എടുത്തത്. നിരവധി വിഷയങ്ങളിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ കഴിഞ്ഞു. കോവിഡ് പ്രതിസന്ധിയടക്കം പ്രതിപക്ഷം പറഞ്ഞത് ശരിയാണെന്ന് പിന്നീട് സർക്കാരിന് അംഗീകരിക്കേണ്ടി വന്നിട്ടുണ്ട്. നിയമസഭയിൽ അലങ്കോലമുണ്ടാക്കുന്നതല്ല പ്രതിപക്ഷ ധർമം. ഇത്തരത്തിലുള്ള സാമ്പ്രദായിക രീതികൾ പിന്തുടരില്ലെന്ന് താൻ ആദ്യമേ പ്രഖ്യാപിച്ചതാണ്. അതിന് പാർട്ടിയുടെ പിന്തുണയുണ്ട്. അതിൽ തുടർന്നും മാറ്റമുണ്ടാകില്ല. പ്രശ്‌നാധിഷ്ഠിത സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. സർഗാത്മക പ്രതിപക്ഷമാണ് ഇപ്പോഴത്തേത്. ശിവൻകുട്ടി വിഷയത്തിൽ സഭ അടിച്ചു പൊളിച്ചു പ്രതിഷേധിച്ചാൽ അവരും ഞങ്ങളും തമ്മിൽ എന്ത് വ്യത്യാസമാണുള്ളതെന്ന് സതീശൻ ചോദിച്ചു.
കോവിഡ് പ്രതിസന്ധിയുടെ ഭാഗമായുള്ള ഉത്തേജക പാക്കേജിൽ പെടുത്തി ജനങ്ങൾക്കുള്ള സഹായം നേരിട്ട് പണമായി നൽകുകയാണ് വേണ്ടതെന്ന് സതീശൻ പറഞ്ഞു. ഈ പണം വിപണിയിലെത്തുകയും പലതരത്തിലുള്ള വിനിമയങ്ങളിലൂടെ സർക്കാരിലേക്ക് തന്നെ എത്തിച്ചേരുകയും ചെയ്യും. ഇത് പലരാജ്യങ്ങളും നടപ്പാക്കുന്ന രീതിയാണ്. ഇപ്പോഴത്തെ കോവിഡ് നിയന്ത്രണങ്ങൾ തീർത്തും അശാസ്ത്രീയമാണ്. ലോക്ഡൗൺ നടപ്പാക്കുന്നതിന്റെ ഉദ്ദേശ്യ ശുദ്ധി തന്നെ നഷ്ടപ്പെടുകയാണ്. പുതിയ നിബന്ധനകൾ പ്രായോഗിമല്ല. പോലീസിന് ടാർജറ്റ് കൊടുത്ത് പാവങ്ങളിൽനിന്ന് ദുരിത കാലത്ത് പണം പിഴിയുന്നത് ക്രൂരമായ നടപടിയാണ്. നൈറ്റ്‌ഷോപ്പിംഗ് ഉൾപ്പെടെ പ്രോത്സാഹിപ്പിച്ചു കൊണ്ട് വിപണിയിലെ തിരക്ക് കുറക്കാൻ സാധിക്കും. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പറഞ്ഞ പല കാര്യങ്ങളും പിന്നീട് വസ്തുതയാണെന്ന് തെളിഞ്ഞിട്ടുണ്ട്. അശാസ്ത്രിയമായ രീതിയിൽ ലോക്ഡൗൺ നടപ്പാക്കുന്നതു കൊണ്ടാണ് കോവിഡ് കേസുകൾ വർധിക്കുന്നത്. ടി.പി.ആർ മാനദണ്ഡം അശാസ്ത്രീയമെന്ന് താൻ നിയമസഭയിൽ പറഞ്ഞപ്പോൾ മന്ത്രി പരിഹസിച്ചു. ഇപ്പോൾ കാര്യം മനസ്സിലാക്കി. ഇതുപോലെ കോവിഡ് മരണ നിരക്ക് സംബന്ധിച്ച പ്രതിപക്ഷ വിമർശനം ശരിയാണെന്ന് സർക്കാരിന് പിന്നീട് അംഗീകരിക്കേണ്ടി വന്നു. കേരളത്തിന്റെ മികവിനെക്കുറിച്ചുള്ള സർക്കാരിന്റെ ഓരോ അവകാശവാദവും പൊളിയുകയാണ്. കോവിഡ് നിയന്ത്രണത്തിന് പലതരം മോഡലുകൾ നമുക്ക് മുന്നിലുണ്ട്.
നല്ല ആശയങ്ങൾ വരുമ്പോൾ ദുരഭിമാനം വെടിഞ്ഞ് സ്വീകരിക്കാൻ സർക്കാർ തയാറാകണം. സംസ്ഥാനത്തിന് കിട്ടുന്ന വാക്‌സിൻ വിതരണം ചെയ്യുന്നതിൽ അപാകതയുണ്ട്. 50 ശതമാനം സബ്‌സിഡി കൊടുത്ത് സ്വകാര്യ ആശുപത്രികളിൽ ലഭ്യമാകുന്ന വാക്‌സിൻ കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കാൻ സാധിക്കും. 800 രൂപ നൽകി സ്വകാര്യ ആശുപത്രികളിൽ നിന്ന് കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ ആളുകൾ തയാറാകില്ല. എന്നാൽ സബ്‌സിഡി നൽകി 350 രൂപക്ക് വാക്‌സിൻ ലഭ്യമാക്കിയാൽ ആളുകൾ സ്വകാര്യ ആശുപത്രികളിലെത്തി വാക്‌സിനെടുക്കാൻ തയാറാകും.