മലപ്പുറം- കോഴിക്കോട് ലീഗ് ഓഫീസിൽ പത്രസമ്മേളനത്തിനിടെ പാണക്കാട് മുഈനലി ശിഹാബ് തങ്ങളെ അസഭ്യം പറഞ്ഞ റാഫി പുതിയകടവിലിനെ പാർട്ടിയിൽനിന്ന് സസ്‌പെന്റ് ചെയ്തു. അതേസമയം, മുഈനലിക്കെതിരായ നടപടി പാർട്ടിയുടെ ഉന്നതാധികാര സമിതി ചർച്ച ചെയ്തുവെന്നും ഇതിലെ തീരുമാനം സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അറിയിക്കും. അതിന് ശേഷമായിരിക്കും നടപടി സംബന്ധിച്ച് പ്രഖ്യാപനം വരികയെന്നും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുഈനലി തങ്ങളുടെ നടപടി തെറ്റാണെന്നും അത് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. മുഈനലി വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത് തെറ്റായിരുന്നു. ഇക്കാര്യം അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഒറ്റയ്ക്ക് ഒറ്റയ്ക്ക് അഭിപ്രായം പറയുന്ന രീതി പാണക്കാട് കുടുംബത്തിനില്ലെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.