ജിസാന്‍ - സൗദിയിലെ ആദ്യത്തെ മൊബൈല്‍ വാക്‌സിന്‍ സെന്റര്‍ ജിസാനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജിസാന്‍ യൂനിവേഴ്‌സിറ്റിയും ബന്ധപ്പെട്ട വകുപ്പുകളും സഹകരിച്ചാണ് മൊബൈല്‍ വാക്‌സിന്‍ യൂനിറ്റ് സജ്ജീകരിച്ച് പ്രവര്‍ത്തിപ്പിക്കുന്നത്. സമൂഹത്തില്‍ കൂടുതല്‍ ആളുകളില്‍ എത്താന്‍ ലക്ഷ്യമിട്ടാണ് മൊബൈല്‍ വാക്‌സിന്‍ സെന്റര്‍ ആരംഭിച്ചതെന്ന് മൊബൈല്‍ വാക്‌സിന്‍ യൂനിറ്റ് മെഡിക്കല്‍ സൂപ്പര്‍വൈസര്‍ ഡോ. അസ്സ മുഹന്ന പറഞ്ഞു. മൂന്നു ക്ലിനിക്കുകളാണ് മൊബൈല്‍ യൂനിറ്റിലുള്ളത്.
ഉപയോക്താവിനെ മൊബൈല്‍ വാക്‌സിന്‍ സെന്ററില്‍ സ്വീകരിച്ച് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തും വാക്‌സിന്‍ ഇനം ഉറപ്പുവരുത്തിയും വാക്‌സിന്‍ നല്‍കുകയാണ് ചെയ്യുന്നത്. സുരക്ഷ ഉറപ്പുവരുത്തിയ ശേഷം ഉപയോക്താവിന് മൊബൈല്‍ സെന്ററില്‍ നിന്ന് പുറത്തിറങ്ങാവുന്നതാണ്. ഇതിനു ശേഷമാണ് മറ്റൊരു ഉപയോക്താവിനെ സ്വീകരിക്കുക. ജിസാന്‍ യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ സേവന വകുപ്പില്‍ നിന്നുമുള്ള മെഡിക്കല്‍ ജീവനക്കാരും സൂപ്പര്‍വൈസര്‍മാരും മൊബൈല്‍ വാക്‌സിന്‍ സെന്ററില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് വേഗത്തില്‍ വാക്‌സിന്‍ സെന്ററിലെത്താന്‍ മൊബൈല്‍ യൂനിറ്റ് സഹായിക്കുന്നു.