തായിഫ് - നവവധുവിനെ ഭർത്താവായ സൗദി യുവാവ് നിഷ്ഠൂരമായി കൊലപ്പെടുത്തി. ഒരാഴ്ച മുമ്പു വിവാഹിതയായ യുവതിയെയാണ് ഭർത്താവ് കൊലപ്പെടുത്തിയത്. കാറിൽ സഞ്ചരിക്കവെ ഇരുവർക്കുമിടയിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയത്.
വിവാഹാഘോഷം പൂർത്തിയായ ഉടൻ ഏതാനും ദിവസം ചെലവഴിക്കാൻ ദമ്പതികൾ തായിഫിലെ ഫഌറ്റിലെത്തുകയായിരുന്നു. ഏതാനും ദിവസങ്ങൾ ഇവിടെ ചെലവഴിച്ച ശേഷം കാറിൽ കുടുംബ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദമ്പതികൾക്കിടയിൽ തർക്കമുണ്ടായത്. ഇതോടെ യുവാവ് കാർ നിർത്തുകയും യുവതി കാറിൽ നിന്ന് പുറത്തിറങ്ങുകയും ചെയ്തു. ഈ സമയം വലിയ കല്ലെടുത്ത് യുവാവ് ഭാര്യയുടെ ശിരസ്സിന് അടിക്കുകയും ദേഹത്ത് കാർ കയറ്റിയിറക്കുകയുമായിരുന്നു. യുവതി തൽക്ഷണം അന്ത്യശ്വാസംവലിച്ചു.
ഇതോടെ സ്വന്തം മാതാവുമായി ഫോണിൽ ബന്ധപ്പെട്ട യുവാവ് സംഭവത്തെ കുറിച്ച് അറിയിച്ചു. മൃതദേഹം റോഡിൽ ഉപേക്ഷിക്കുകയാണെന്നും യുവതിയുടെ കുടുംബവുമായി ഫോണിൽ ബന്ധപ്പെട്ട് ഭാര്യ വാഹനാപകടത്തിൽ മരണപ്പെട്ടതായി അറിയിക്കുമെന്നും മാതാവിനോട് പറഞ്ഞ യുവാവ് പിന്നീട് രക്ഷപ്പെടുകയായിരുന്നു.