കോതമംഗലം-മലയാളി നഴ്‌സ് മാള്‍ട്ടയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. കോതമംഗലം പല്ലാരിമംഗലം സ്വദേശി ഹാപ്പിനഗര്‍ പറമ്പില്‍ ഷിഹാബിന്റെ ഭാര്യ ബിന്‍സിയ (36) ആണു മരിച്ചത്. വലേറ്റ മാറ്റര്‍ ഡി ആശുപത്രിയില്‍ നഴ്‌സായിരുന്നു. സാമൂഹ്യമാധ്യമങ്ങളിലെ വീഡിയോകളിലൂടെ മാള്‍ട്ടയിലെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് ബിന്‍സിയ. വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം പത്തരയോടെ താമസസ്ഥലത്തു ബോധമറ്റ നിലയിലാണ് ബിന്‍സിയയെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. അടിവാട് പുളിക്കച്ചാലില്‍ കുടുംബാംഗമാണ് ബിന്‍സിയ.