Sorry, you need to enable JavaScript to visit this website.

പീടികയില്‍  പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്; ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി-  സംസ്ഥാനത്ത് കടകളില്‍ പോകാന്‍ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന സര്‍ക്കാര്‍ നിബന്ധനകള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സമൂഹത്തില്‍ മരുന്നുകളോട് അലര്‍ജി ഉള്ളവര്‍ക്കു ടെസ്റ്റ് ഡോസ് എടുത്തു വാക്‌സിന്‍ സ്വീകരിക്കാന്‍ സംവിധാനമില്ലാത്ത സാഹചര്യത്തിലാണ് ചാലക്കുടി സ്വദേശി പോളി വടക്കന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അലര്‍ജി രോഗിയായ ഹര്‍ജിക്കാരന് ഏത് ഇംഗ്ലിഷ് മരുന്ന് എടുക്കുന്നതിനു മുമ്പും ടെസ്റ്റ് ഡോസ് സ്വീകരിക്കേണ്ടതുണ്ട്. വാക്‌സീന്‍ ടെസ്റ്റ് ഡോസ് ലഭിക്കുമോ എന്നറിയാന്‍ കളമശേരി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ പല ആശുപത്രികളെ സമീപിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കിയിട്ടില്ലെന്നായിരുന്നു മറുപടി. ഇതു കാണിച്ച് ഡിഎംഒയ്ക്കു പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അലര്‍ജി പ്രശ്‌നമുള്ളവര്‍ക്കു വാക്‌സീന്‍ നല്‍കാനാവില്ലെന്നാണ് ആശുപത്രികളുടെ നിലപാട്. സര്‍ക്കാരിന്റെ പുതിയ മാനദണ്ഡമനുസരിച്ചു വാക്‌സീന്‍ എടുത്തു രണ്ടാഴ്ച കഴിഞ്ഞവര്‍ക്കു മാത്രമാണു കടയിലോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കോ പുറത്തിറങ്ങാന്‍ സാധിക്കുക. അല്ലെങ്കില്‍ കോവിഡ് വന്നു മാറി ഒരു മാസം പൂര്‍ത്തിയാകാത്തവര്‍ക്കും 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും അനുവാദമുണ്ട്.
എല്ലാ ദിവസവും ആര്‍ടിപിസിആര്‍ എടുക്കുക പ്രായാഗികമല്ല എന്നതിനാലാണ് സര്‍ക്കാര്‍ ഉത്തരവു പിന്‍വലിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ അണ്‍ലോക് കോവിഡ് മാനദണ്ഡങ്ങള്‍ ഭരണഘടനാ വിരുദ്ധവും മൗലിക അവകാശത്തെ ഹനിക്കുന്നതാണെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. തിങ്കളാഴ്ച ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്റെ സിംഗിള്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കും. 
 

Latest News