Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാസ്‌പോര്‍ട്ടിലെ വിവേചനം മൃതദേഹങ്ങളെ പോലും അനാഥമാക്കും

http://malayalamnewsdaily.com/sites/default/files/2018/01/19/gulfplus.jpg

ഭരണകർത്താക്കളെന്നും പ്രവാസികളോടുള്ള കടപ്പാട് അധികവും രേഖപ്പെടുത്തുക പ്രസ്താവനകളിലാണ്. രാഷ്ട്രീയ കക്ഷി നേതാക്കളുടേയും നിലപാട് അതു തന്നെ. ഇക്കാര്യത്തിൽ അവരാരും ഒരു പിശുക്കും കാണിക്കാറില്ല. പ്രസ്താവനകളും വാഗ്ദാനങ്ങളും നൽകാൻ വൻ സമ്മേളനങ്ങളൊരുക്കി ലക്ഷങ്ങൾ മുടക്കിയുള്ള മാമാങ്കങ്ങളും നടത്തും. 
അവരിൽ നിന്ന് എന്തു കിട്ടുമെന്നതിനെക്കുറിച്ച് ചർച്ചകളും നടത്തും. കഴിയുന്നത്ര വാങ്ങിയെടുക്കുകയും ചെയ്യും. എന്നാൽ അധികാരികളെടുക്കുന്ന പ്രവാസികളുമായി ബന്ധപ്പെട്ട പല നിലപാടുകളും അവർക്ക് പ്രതികൂലമായിരിക്കും. ഏതു നടപടി എടുക്കുമ്പോഴും അവരുടെ മുറവിളിയൊട്ടു കേൾക്കാറുമില്ല. വിമാന നിരക്കിന്റെ കാര്യത്തിലായാലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന നിരക്കിന്റെ കാര്യത്തിലായാലും,  എന്നുവേണ്ട എല്ലാത്തിനും പ്രവാസികൾ മറ്റാരേക്കാളും കൂടുതൽ നൽകണം. പാസ്‌പോർട്ട് ഫീസ് നിരക്കിൽ പോലും ഈ വിവേചനമുണ്ട്. നിരക്കിലുണ്ടാക്കിയ വിവേചനം ഇപ്പോൾ പാസ്‌പോർട്ടിന്റെ നിറത്തിലും വരുത്താനാണ് കേന്ദ്ര സർക്കാർ തീരുമാനം. 
എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള പാസ്‌പോർട്ടുകൾക്ക് ഓറഞ്ച് നിറവും മേൽവിലാസമുള്ള അവസാന പേജ് ഒഴിവാക്കാനുമാണ് തീരുമാനം. ഇതിനെ പ്രവാസികളോടുള്ള വിവേചനമായി വേണം വിലയിരുത്താൻ. നിലവിൽ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള പാസ്‌പോർട്ടുകൾക്കു മാത്രമാണ് വേറിട്ട നിറമുള്ളത്. മറ്റുള്ളവരുടെ ഇന്ത്യൻ പാസ്‌പോർട്ടുകൾക്കെല്ലാം ഒറ്റ നിറമേയുള്ളൂ. കടും നീല നീറം. അതിപ്പോൾ രണ്ടു തരത്തിലാക്കുന്നതിനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയ തീരുമാനം. ഇതു നടപ്പാക്കുന്നതിലൂടെ പ്രവാസികൾക്ക് കോട്ടമല്ലാതെ നേട്ടം ഉണ്ടാവാൻ പോകുന്നില്ല. സത്യത്തിൽ ഇതു രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കലാണ്. കടും നീലനിറത്തിലുള്ള പാസ്‌പോർട്ടുടമകൾ ഉന്നതകുലജാതരും ഓറഞ്ചുകാർ കീഴാളരും എന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്. 
എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ളവർ ഇപ്പോൾ തന്നെ പലതരത്തിലുള്ള അവഗണന അനുഭവിക്കുന്നുണ്ട്. ഇതിന്റെ പേരിൽ തട്ടിപ്പുകളും ഏറെയാണ്. വിമാനത്താവളത്തിലെ എമിഗ്രേഷൻ  ഉദ്യോഗസ്ഥർ ഇവരോട് പലപ്പോഴും പരുഷമായാണ് പെരുമാറാറ്. വിദ്യാഭ്യാസ യോഗ്യത കുറഞ്ഞ താഴ്ന്ന വരുമാനക്കാരായതിനാലാണ് ഇത്തരം അവഗണനൾക്ക് അവർ  ഇരയാവാറുള്ളത്. ഇത്തരക്കാരുടെ പാസ്‌പോർട്ടുകൾക്ക് വേറിട്ട നിറം കൂടിയാകുന്നതോടെ എല്ലായിടത്തും അവർ കൂടുതൽ അവഗണനക്കിരയാവുമെന്നുറപ്പാണ്. 
മാത്രമല്ല, പാസ്‌പോർട്ടിനെ ഇനി മുതൽ ആധികാരിക രേഖയാക്കി അവതരിപ്പിക്കാനാവാത്ത വിധം അവസാന പേജിലെ മേൽവിലാസം അടക്കം എല്ലാം ഒഴിവാക്കുകയുമാണ്. വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ഇനിമുതൽ പാസ്‌പോർട്ടിന്റെ അവസാന പേജിൽ പ്രിന്റ് ചെയ്യേണ്ടതില്ലെന്നാണ് തീരുമാനം. പ്രവാസികളെ  സംബന്ധിച്ചിടത്തോളം യാത്രക്കു മാത്രമല്ല, മേൽവിലാസം തെൡയിക്കുവാനുള്ള തിരിച്ചറിയൽ രേഖയെന്ന നിലക്കു കൂടിയാണ് പാസ്‌പോർട്ട് ഉപയോഗിച്ചു വരുന്നത്. പ്രത്യേകിച്ച് ആധാർ കാർഡോ, പാൻകാർഡോ ഇല്ലാത്ത പ്രവാസികളുടെ തിരിച്ചറിയൽ രേഖയാണ് പാസ്‌പോർട്ട്. ഇന്ന് എവിടേയും തിരിച്ചറിയൽ രേഖ ആധാർ കാർഡാണ്. 
എന്നാൽ പ്രവാസികളായ എല്ലാവർക്കും ഇതു ലഭ്യമാക്കുന്നതിന് നടപടി ഇതുവരെ ഉണ്ടായിട്ടില്ല. ആറുമാസമെങ്കിലും രാജ്യത്ത് തുടർച്ചയായി  താമസിക്കുന്നവർക്കേ ആധാർ കാർഡ് ലഭ്യമാകൂ എന്നാണ് വ്യവസ്ഥ. ചിലർ അവധിക്കാലം പ്രയോജനപ്പെടുത്തി ആധാർ കാർഡ് എടുത്തിട്ടുണ്ടെങ്കിലും ബഹുഭൂരിഭാഗവും ഇന്നും ആധാർ കാർഡ് ഇല്ലാത്തവരാണ്. മറ്റൊരു തിരിച്ചറിയൽ രേഖയായ വോട്ടർ കാർഡും അധിക പ്രവാസികൾക്കുമില്ല. അതുകൊണ്ട് നാട്ടിലെ പല കാര്യങ്ങൾക്കും തിരിച്ചറിയൽ രേഖയായി പാസ്‌പോർട്ടാണ് പ്രവാസികൾ ഉപയോഗിക്കാറ്. പുതിയ നീക്കം അത്തരക്കാർക്കു തിരിച്ചടിയാവും.
ഭാര്യാ, ഭർത്താക്കന്മാരുടെ പേരും രക്ഷിതാക്കളുടെ പേരും രേഖപ്പെടുത്തിയിരുന്നതും അവസാന പേജിലാണ്. അതും ഒഴിവാക്കപ്പെടുകയാണ്. വിദേശത്ത് കഴിയുന്നവർ, പ്രത്യേകിച്ച് ഗൾഫ് നാടുകളിൽ കഴിയുന്നവർ ബന്ധുക്കളുടെ വിസ നടപടിക്രമങ്ങളിലും സർക്കാർ തലത്തിലെ മറ്റു നടപടികൾക്കും പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ വിവരം ആണ് ഉപയോഗിക്കാറുള്ളത്. ഇനി അതും സാധ്യമാകാത്ത അവസ്ഥയാണ് വരുന്നത്. 
ഇത് ഗൾഫ് രാജ്യങ്ങളിൽ കഴിയുന്നവർക്കായിരിക്കും ഏറെ പ്രയാസം സൃഷ്ടിക്കുക. ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നവർ അപകടത്തിൽപ്പെടുകയോ, മരണമടയുകയോ ചെയ്താൽ സ്‌പോൺസറും, നയന്ത്രകാര്യലയവും, സാമൂഹ്യ പ്രവർത്തകരുമെല്ലാം പാസ്‌പോർട്ടിലെ മേൽവിലാസം വെച്ചാണ് ബന്ധുക്കളെ കണ്ടെത്താറ്. വിദേശത്തെത്തി ദുരിതക്കടലിലകപ്പെടുന്നവരുടെ നാടും വീടും തിരിച്ചറിഞ്ഞ് സഹായം എത്തിക്കുന്നതിനും പാസ്‌പോർട്ടിലെ വിവരങ്ങളാണ് സഹായിച്ചിരുന്നത്. ജോലിക്കിടെ മരണപ്പെടുന്നവരുടെ നഷ്ടപരിഹാരം നയതന്ത്രാലയം എത്തിച്ചിരുന്നതും ഈ മേൽവിലാസം ഉപയോഗപ്പെടുത്തിയായിരുന്നു. അതു ഇല്ലാതാകുന്നതോടെ ഒരാൾ ആപത്തിൽപ്പെട്ടാൽ അദ്ദേഹത്തിന്റെ നാടും വീടും കണ്ടെത്തി എത്തിക്കാൻ പോലും കഴിയാത്ത സാഹചര്യമാവും സംജാതമാവുക. 
ഈ മാറ്റംകൊണ്ട് എന്തു നേട്ടമാണുള്ളതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. വിദേശമന്ത്രാലയ, ശിശുക്ഷേമ മന്ത്രാലയ ഉദ്യോഗസ്ഥർ അംഗങ്ങളായ ഉന്നത സമിതിയുടെ ശുപാർശ പ്രകാരമാണ് പുതിയ മാറ്റം വരുത്തുന്നതെന്നാണ് സർക്കാർ വിശദീകരണം. മാറ്റങ്ങൾ വരുത്തുമ്പോൾ അത് എങ്ങനെയായിരിക്കും പ്രവാസികളെ ബാധിക്കുകയെന്ന കാര്യത്തിൽ ഒരു പഠനവും നടത്തിയതായി വിവരമില്ല. ഇത്തരത്തിലുള്ള മാറ്റം വരുത്തുന്നതിനെക്കുറിച്ച് വിദേശ രാജ്യങ്ങളെയോ, അവിടങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളെയോ മുൻകൂട്ടി അറിയിച്ചതായും സൂചനയില്ല. അതിനാൽ ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.
 പ്രവാസികളുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധത്തേക്കാളുപരി നാട്ടിലെ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരിൽനിന്നുമാണ് പ്രതിഷേധം  ഉണ്ടാവേണ്ടത്. പ്രവാസികൾക്ക് വൻ തിരിച്ചടിയാകാവുന്ന ഈ തീരുമാനത്തിൽനിന്ന് കേന്ദ്ര സർക്കാരിനെ പിന്തിരിപ്പിക്കുന്നതിനുള്ള സമ്മർദം  എല്ലാ തലത്തിലുമുണ്ടാവണം. ഗുണകരമായതൊന്നും ചെയ്യാനായില്ലെങ്കിലും ഉപദ്രവകരമായ സമീപനമെങ്കിലും ഭരണകർത്താക്കളുടെ ഭാഗത്തുനിന്നുണ്ടാവാതിരിക്കാൻ അതിശക്തമായ പ്രതിഷേധം കൊണ്ടേ സാധിക്കൂ. അതിനായി നാം ഒറ്റക്കെട്ടായി നിൽക്കുകയും കക്ഷി, രാഷ്ട്രീയ ഭേദമന്യേ നാട്ടിലെ എല്ലാവരുടേയും സഹായം തേടുകയും വേണം. 


 

Latest News