മലപ്പുറം- മുസ്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റും സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈന്‍ അലിക്കെതിരെ നടപടിയെടുത്താല്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി വലിയ വില കൊടുക്കേണ്ടിവരുമെന്ന് കെടി ജലീല്‍. കള്ളപ്പണം വെളുപ്പിച്ച കേസിലെ ഇ.ഡി അന്വേഷണവുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടി നടത്തിയ ടെലിഫോണ്‍ സംഭാഷണം പുറത്തുവരുമെന്നും അതോടെ അദ്ദേഹത്തിനു രാഷ്ട്രീയം തന്നെ അവസാനിപ്പിക്കേണ്ടിവരുമെന്നും ജലീല്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
മുഈന്‍ അലിക്കെതിരെ നടപടിയെടുത്താല്‍ കുഞ്ഞാലിക്കുട്ടി വലിയ വില കൊടുക്കേണ്ടിവരും. ഇഡി അന്വഷണവുമായി ബന്ധപ്പെട്ട് പാണക്കാട് കുടുംബത്തിലെ പലരോടും കുഞ്ഞാലിക്കുട്ടി ടെലിഫോണിലൂടെ സംസാരിച്ചിട്ടുണ്ട്. അതെല്ലാം പുറത്തുവരും. അതോടെ അദ്ദേഹത്തിനു രാഷ്ട്രീയം തന്നെ അവസാനിപ്പിക്കേണ്ടിവരും. സൂക്ഷിച്ചു കൈകാര്യം ചെയ്താല്‍ നല്ലത്. കാത്തിരുന്നു കാണാമെന്ന് ജലീല്‍ പറഞ്ഞു.
മുഈന്‍ അലി കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ച പശ്ചാത്തിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം ലീഗ് ഉന്നതാധികാരസമിതി യോഗം ഇന്ന് ചേരാനിരിക്കെയാണ് ജലീലിന്റെ വെല്ലുവിളി. വൈകീട്ട് മൂന്നു മണിയ്ക്ക് മലപ്പുറത്ത് ലീഗ് ഹൗസിലാണ് യോഗം. മുഈന്‍ അലിക്കെതിരായ അച്ചടക്ക നടപടി യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി അച്ചടക്കം ലംഘിച്ച മുഈന്‍ അലിക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്നവരുടെ വാദം. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റുക, സസ്‌പെന്‍ഷന്‍ തുടങ്ങിയ നടപടികളാണ് പരിഗണിക്കുന്നത്.