റിയാദ് - സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ബാങ്കുകളുടെ ലാഭം ഈ വർഷം ആദ്യ പകുതിയിൽ ഇരട്ടിയിലേറെ വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
ആദ്യ പകുതിയിൽ ബാങ്കുകൾ 2,310 കോടി റിയാൽ അറ്റാദായം നേടി. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ ബാങ്കുകളുടെ ലാഭം 1,092 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഈ വർഷം ആദ്യ പകുതിയിൽ ബാങ്കുകളുടെ ലാഭം 111 ശതമാനം തോതിൽ വർധിച്ചു.
ഈ കൊല്ലം രണ്ടാം പാദത്തിൽ ബാങ്കുകൾ 1,106 കോടി റിയാൽ ലാഭം നേടി. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ ബാങ്കുകൾ കൈവരിച്ച ലാഭം 96.2 കോടി റിയാൽ മാത്രമായിരുന്നു. ഇതിനെ അപേക്ഷിച്ച് ഈ വർഷം രണ്ടാം പാദത്തിൽ ബാങ്കുകളുടെ ലാഭം പത്തിരട്ടിയിലേറെ വർധിച്ചു. സൗദി ഓഹരി വിപണിയിൽ പത്തു ബാങ്കുകളുടെ ഓഹരികളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇക്കൂട്ടത്തിൽ അറബ് നാഷണൽ ബാങ്കിന്റെ ലാഭം മാത്രമാണ് രണ്ടാം പാദത്തിൽ കുറഞ്ഞത്. രണ്ടാം പാദത്തിൽ അറബ് നാഷണൽ ബാങ്ക് 47.3 കോടി റിയാൽ മാത്രമാണ് ലാഭം നേടിയത്. കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തിൽ ബാങ്ക് നേടിയ ലാഭത്തെ അപേക്ഷിച്ച് 2.7 ശതമാനം കുറവാണിത്.
രണ്ടാം പാദത്തിൽ ലാഭത്തിൽ ഏറ്റവും വലിയ വളർച്ച നേടിയത് അൽജസീറ ബാങ്ക് ആണ്. അൽജസീറ ബാങ്കിന്റെ ലാഭം 51.5 ശതമാനം തോതിൽ വർധിച്ച് 25.1 കോടി റിയാലിലെത്തി.
കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തിൽ അൽജസീറ ബാങ്കിന്റെ ലാഭം 16.6 കോടി റിയാലായിരുന്നു.
ലാഭവളർച്ചയിൽ രണ്ടാം സ്ഥാനത്ത് അൽറാജ്ഹി ബാങ്ക് ആണ്. രണ്ടാം പാതത്തിൽ അൽറാജ്ഹി ബാങ്കിന്റെ ലാഭം 48 ശതമാനം തോതിൽ വർധിച്ചു. മൂന്നു മാസത്തിനിടെ അൽറാജ്ഹി ബാങ്ക് 360 കോടി റിയാൽ ലാഭം നേടി. 2020 രണ്ടാം പാദത്തിൽ അൽറാജ്ഹി ബാങ്കിന്റെ ലാഭം 240 കോടി റിയാലായിരുന്നു. ലാഭവളർച്ചയിൽ മൂന്നാം സ്ഥാനത്ത് അൽറിയാദ് ബാങ്ക് ആണ്. അൽറിയാദ് ബാങ്ക് ലാഭം 42.2 ശതമാനം തോതിൽ വർധിച്ച് 151 കോടി റിയാലിലെത്തി.
കഴിഞ്ഞ വർഷം ആദ്യ പകുതിയെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പകുതിയിൽ സൗദി ബാങ്കുകളിലെ ഡെപ്പോസിറ്റുകൾ 9.2 ശതമാനം തോതിൽ വർധിച്ചു. ജൂൺ അവസാനത്തെ കണക്കുകൾ പ്രകാരം സൗദി ബാങ്കുകളിലെ ഡെപ്പോസിറ്റുകൾ 2.03 ട്രില്യൺ റിയാലാണ്. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ ബാങ്കുകളിലെ ഡെപ്പോസിറ്റുകൾ 1.86 ട്രില്യൺ റിയാലായിരുന്നു.
ഡെപ്പോസിറ്റുകളിൽ ഏറ്റവും വലിയ വളർച്ച രേഖപ്പെടുത്തിയത് അൽഅഹ്‌ലി, അൽറാജ്ഹി ബാങ്കുകളാണ്. അൽഅഹ്‌ലി ബാങ്കിലെ ഡെപ്പോസിറ്റുകൾ ഒരു വർഷത്തിനിടെ 54.6 ശതമാനവും അൽറാജ്ഹി ബാങ്കിലെ ഡെപ്പോസിറ്റുകൾ 33.7 ശതമാനം തോതിലും വർധിച്ചു.
ഇതേസമയം, സൗദി ഇൻവെസ്റ്റ്‌മെന്റ് ബാങ്കിലെ ഡെപ്പോസിറ്റുകൾ 6.9 ശതമാനം തോതിൽ കുറഞ്ഞ് 5,980 കോടി റിയാലിലും അറബ് നാഷണൽ ബാങ്കിലെ ഡെപ്പോസിറ്റുകൾ 2.7 ശതമാനം തോതിൽ കുറഞ്ഞ് 13,020 കോടി റിയാലിലും സൗദി ബ്രിട്ടീഷ് ബാങ്കിലെ (സാബ്) ഡെപ്പോസിറ്റുകൾ 0.8 ശതമാനം തോതിൽ കുറഞ്ഞ് 18,680 കോടി റിയാലിലും എത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു.