കോഴിക്കോട്- ചന്ദ്രികയിലെ കാര്യങ്ങളിൽ മുഈൻ അലിയെ ഒരു മാസത്തേക്ക് ചുമതലപ്പെടുത്തി ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ കത്തു നൽകിയിരുന്നുവെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ കഴിഞ്ഞ മാർച്ച് മാസം മൂന്നാം തിയ്യതി ചന്ദ്രികയിലെ ബാധ്യതകൾ തീർക്കുന്നതിനായി മുഈൻ അലി ശിഹാബ് തങ്ങളെ ഒരു മാസത്തേക്ക് ഉത്തരവാദിത്വപ്പെടുത്തിയിരുന്നുവെന്നും സലാം വ്യക്തമാക്കി. ഈ കത്തും ഉയർത്തിപ്പിടിച്ച് ഏതോ നിധി കിട്ടിയ സന്തോഷത്തിൽ പരിസരം മറന്ന് ആനന്ദിക്കുന്നവരോട്
ഇതൊരു രഹസ്യരേഖയോ ഇന്നു ഏതെങ്കിലും ഡോക്ടർമാർ പുനർ ഗവേഷണം നടത്തി കണ്ടെടുത്തതോ ആയ അതി രഹസ്യസ്വഭാവമുള്ള രേഖയല്ലെന്നും സലാം വ്യക്തമാക്കി. ഇക്കഴിഞ്ഞ മാർച്ച് അഞ്ചിനാണ് കത്ത് നൽകിയത്. ''ചന്ദ്രികാ മാനേജ്‌മെന്റ് പ്രതിനിധികളോടടക്കം കൂടിയാലോചന നടത്തി ഒരു മാസത്തിനകം ബാധ്യതകൾ തീർക്കണം'' എന്നാണ് കത്തിലെ ഉളളടക്കം. ഇത് മനസ്സിലാക്കാൻ സ്‌പെഷ്യൽ ഡോക്ടറേറ്റ് ഒന്നും വേണ്ടെന്നും സലാം വ്യക്തമാക്കി.
ജീവനക്കാരുടെ ശമ്പള കുടിശികയും മറ്റ് ആനുകൂല്യങ്ങളും,വിവിധ ദൈനംദിന ചെലവുകൾ തുടങ്ങി ഒരു മാധ്യമസ്ഥാപനം നടത്തികൊണ്ട് പോകാൻ വരുന്ന ഭീമമായ ചെലവുകളിൽ വന്ന ബാധ്യത തീർക്കാൻ ഒരു മാസം സമയം നൽകി കൊണ്ടുളള കത്താണ് ഹൈദരലി ശിഹാബ് തങ്ങൾ നൽകിയത്. ഏപ്രിൽ 5 ന് ഒരു മാസം പൂർത്തിയായി എന്ന് സാരം. ചന്ദ്രികയുടെ മാനേജ്‌മെന്റ് അംഗങ്ങളുമായി കൂടിയാലോചിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നും ഹൈദരലി തങ്ങൾ കത്തിൽ വ്യക്തമായ നിർദ്ദേശിക്കുന്നുണ്ട്. ചന്ദ്രികയുടെ മാനേജിംഗ് എഡിറ്ററായി മുൻ എം.എൽ.എ അഡ്വ. എം. ഉമ്മറിനെ കഴിഞ്ഞ മാസം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിയമിച്ച രേഖകൾ കൂടി കണ്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സലാം വ്യക്തമാക്കി.