മദീന - മദീനയിലെ സ്വകാര്യ മെഡിക്കല്‍ സെന്ററില്‍ ജനറല്‍ ഫിസിഷ്യനായി ജോലി ചെയ്ത എ.സി ടെക്‌നീഷ്യനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കു വേണ്ടി നടത്തിയ റെയ്ഡിനിടെയാണ് സ്വകാര്യ മെഡിക്കല്‍ സെന്ററില്‍ ഡോക്ടറായി ജോലി ചെയ്യുന്ന എ.സി, റെഫ്രിജറേറ്റര്‍ ടെക്‌നീഷ്യനെ കണ്ടെത്തിയത്.
എ.സി ടെക്‌നീഷ്യന്‍ വിസയില്‍ റിക്രൂട്ട് ചെയ്ത വിദേശിയെ മെഡിക്കല്‍ സെന്ററില്‍ ജനറല്‍ ഫിസിഷ്യനായി നിയമിക്കുകയായിരുന്നു. വര്‍ക്ക് പെര്‍മിറ്റില്ലാത്ത ഗൈനക്കോളജിസ്റ്റും മൂന്നു ഇഖാമ, തൊഴില്‍ നിയമ ലംഘകരും റെയ്ഡിനിടെ പിടിയിലായി. നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിന് നിയമ ലംഘകരെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി മദീന പോലീസ് വക്താവ് മേജര്‍ ഹുസൈന്‍ അല്‍ഖഹ്ത്താനി പറഞ്ഞു.