Sorry, you need to enable JavaScript to visit this website.

വിസ്മയ കേസ് പ്രതിയായ ഭര്‍ത്താവ് കിരണിനെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം- സ്ത്രീധന പീഡനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വിസ്മ വി. നായരുടെ ഭര്‍ത്താവും കേസിലെ പ്രതിയുമായ എസ് കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. മോട്ടോര്‍ വാഹന വകുപ്പില്‍ കൊല്ലം മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്‌സ്‌ന്റെില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍. വകുപ്പു തല അന്വേഷണത്തില്‍ കിരണ്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് പിരിച്ചുവിട്ടതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കേരളത്തില്‍ ആദ്യമായാണ് സ്ത്രീധന പീഡനക്കേസില്‍ പ്രതിയായ ഒരാളെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത്. പോലീസ് അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുമ്പ് പിരിച്ചു വിട്ടതും അപൂര്‍വ നടപടിയാണ്. 

വിസ്മയ സംഭവത്തെ തുടര്‍ന്ന് കിരണില്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്. സര്‍ക്കാരിനുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് കേരള സിവില്‍ സര്‍വീസ് ചട്ടം എട്ടാം വകുപ്പ് അനുസരിച്ചാണ് പിരിച്ചുവിട്ടത്. സ്ത്രീധന പീഡനത്തിന്റെ പേരില്‍ അപൂര്‍വ നടപടിയാണിത്.  സര്‍ക്കാരിന്റെ ഈ കടുത്ത നടപടി ഉദ്യോഗസ്ഥര്‍ക്ക് ഇത് ഒരു സന്ദേശമാകും. 

കിരണിന്റെ ഭാര്യയും പന്തളം മന്നം ആയുര്‍വേദ കോളജിലെ ബി.എ.എം.എസ് വിദ്യാര്‍ത്ഥിനിയുമായിരുന്നു വിസ്മയയെ ജൂണ്‍ 22നാണ് കിരണിന്റെ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തു വന്നതോടെ സംഭവം ഏറെ കോളിളമുണ്ടാക്കി. ഒരു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.  സ്ത്രീധനത്തിന്റെ പേരില്‍ കിരണ്‍ വഴക്കിടല്‍ പതിവായിരുന്നു എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 
 

Latest News