മലപ്പുറം- പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡന്റുമായ മുഈനലി ശിഹാബ് തങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നത് കൂടിയാലോചനക്ക് ശേഷമമെന്ന് സാദിഖലി ശിഹാബ് തങ്ങൾ. കുടുംബത്തിലെ മുതിർന്നവരുമായും ലീഗ് നേതൃത്വവുമായും കൂടിയാലോചിച്ച് മാത്രമേ നടപടി സ്വീകരിക്കൂവെന്നും സാദിഖലി തങ്ങൾ പറഞ്ഞു. വിഷയം ഹൈദരലി തങ്ങളുമായും ചർച്ച ചെയ്യുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈനലി ശിഹാബ് ഇന്നലെയാണ് കോഴിക്കോട് ലീഗ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ രംഗത്തെത്തിയത്. ചന്ദ്രികയുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം സംബന്ധിച്ച് വിശദീകരിക്കാൻ ലോയേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ.മുഹമ്മദ് ഷാ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു വിവാദ നടപടി. ചന്ദ്രികയുമായും ലീഗുമായും ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളിലും ചോദ്യം ചെയ്യേണ്ടത് പി.കെ.കുഞ്ഞാലിക്കുട്ടിയെയും ഇബ്രാഹിം കുഞ്ഞിനെയുമാണെന്ന് യൂത്ത് അഖിലേന്ത്യാ വൈസ് പ്രസിഡന്റു കൂടിയായ മുഈനലി ശിഹാബ് പറഞ്ഞത്. ഇത് കൂടുതൽ വിശദീകരിക്കവെയാണ് ലീഗ് ഹൗസിലെ വാർത്താ സമ്മേളന ഹാളിലേക്ക് റാഫി പുതിയകടവ് എന്ന ലീഗ് പ്രാദേശിക നേതാവ് കടന്നുവന്ന് ബഹളം വെച്ചത്. നീ ആരാണ് ഇതൊക്കെ പറയാൻ, നിന്റെ കാര്യങ്ങൾ ഞാൻ പറയണോ ചന്ദ്രികയുടെ കാര്യം പറയുന്നതിനിടയിൽ പാർട്ടിക്കാര്യം പറയുന്നതെന്തിന്. പുറത്തിറങ്ങ് കാണിച്ചു തരാമെന്ന് പറഞ്ഞ് റാഫി ബഹളം വെച്ചതോടെ വാർത്താ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
ചന്ദ്രികയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ട ഫിനാൻസ് മാനേജർ സമീറിനെ വെച്ചത് കുഞ്ഞാലിക്കുട്ടിയാണെന്ന് മുഈനലി പറഞ്ഞു. സമീറിന്റെ കഴിവുകേടാണ് കമ്പനിയുടെ ബാധ്യതക്ക് കാരണം. ഗ്രാറ്റുവിറ്റിയും പി.എഫും കൊടുക്കാമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. സമീറിനെതിരെ നടപടി എടുക്കുകയായിരുന്നു വേണ്ടത്. പാർട്ടിയിലായാലും ചന്ദ്രികയിലായാലും ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണ്. പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങി. പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. പിതാവ് ഹൈദരലി തങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. ഇപ്പോൾ ആശുപത്രിയിൽ കഴിയേണ്ടിവന്നതും അതിനാലാണെന്നും മുഈനലി പറഞ്ഞു.