റിയാദ് - സൗദിയിൽ സ്‌കൂൾ വിദ്യാർഥികളിൽ 61 ശതമാനം പേർ ഇതിനകം വാക്‌സിൻ സ്വീകരിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അധ്യാപകരിലും ഓഫീസ് ജീവനക്കാരിലും പെട്ട 92 ശതമാനം പേരും യൂനിവേഴ്‌സിറ്റി വിദ്യാർഥികളിൽ 85 ശതമാനം പേരും ഇതിനകം വാക്‌സിൻ സ്വീകരിച്ചു. യൂനിവേഴ്‌സിറ്റി അധ്യാപകർക്കും ഓഫീസ് ജീവനക്കാർക്കുമിടയിൽ 64 ശതമാനം പേരും വാക്‌സിൻ സ്വീകരിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനു മുമ്പായി എല്ലാവരും രണ്ടു ഡോസ് വാക്‌സിൻ നിർബന്ധമായും സ്വീകരിക്കണം. ഓഗസ്റ്റ് എട്ടിനു മുമ്പായി ആദ്യ ഡോസ് സ്വീകരിക്കണം. ആദ്യ ഡോസ് സ്വീകരിച്ച് മൂന്നാഴ്ചക്കു ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കണം. വേനലവധിക്കാലം പൂർത്തിയായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓഗസ്റ്റ് 29 ന് ആണ് തുറക്കുകയെന്നും വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു. ജിദ്ദയിൽ സ്‌കൂൾ അധ്യാപകരിൽ 95 ശതമാനത്തിലേറെ പേർ ഇതിനകം വാക്‌സിൻ സ്വീകരിച്ചതായി ജിദ്ദ വിദ്യാഭ്യാസ വകുപ്പ് മേധാവി ഡോ. സഅദ് അൽമസ്ഊദി പറഞ്ഞു.
ഓഗസ്റ്റ് എട്ടിനു മുമ്പായി ആദ്യ ഡോസ് വാക്‌സിൻ സ്വീകരിക്കാത്ത വിദ്യാർഥികൾക്ക് പുതിയ അധ്യയന വർഷത്തിൽ ആദ്യ ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാജരാകാൻ കഴിയില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആദ്യത്തെയും രണ്ടാമത്തെയും ഡോസുകൾക്കിടയിലെ ഇടവേള മൂന്നാഴ്ചയാണ്. സുരക്ഷിത രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ട് ഹാജരായി പഠനം പുനരാരംഭിക്കാൻ സാധിക്കുന്നതിന് 12 മുതൽ 18 വരെ പ്രായമുള്ള വിദ്യാർഥികൾ അനിവാര്യമായും വാക്‌സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
അതേസമയം, ഇന്ന് രാജ്യത്തെ മസ്ജിദുകളിൽ ജുമുഅ നമസ്‌കാരത്തോടനുബന്ധിച്ച ഖുതുബയിൽ വിദ്യാർഥികളും അധ്യാപകരും രണ്ടു ഡോസ് വാക്‌സിൻ സ്വീകരിക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് പ്രതിപാദിക്കണമെന്ന് ആവശ്യപ്പെട്ട് ഖതീബുമാർക്ക് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് അബ്ദുല്ലത്തീഫ് ആലുശൈഖ് സർക്കുലർ അയച്ചു. കൊറോണ വാക്‌സിൻ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരിക്കുന്നതിൽ ഖതീബുമാരുടെ പങ്കാളിത്തം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഖതീബുമാർക്ക് ഇസ്‌ലാമികകാര്യ മന്ത്രി സർക്കുലർ അയച്ചത്.