ഇടുക്കി- പെട്ടിമുടിയിലെ പെരുമഴരാവിൽ ഉറങ്ങിക്കിടക്കവെ ആർത്തലച്ചെത്തിയ ഉരുൾപൊട്ടൽ കവർന്ന 70 ജീവനുകളിൽ 66 പേർ ഈ കല്ലറകളിൽ ഉറങ്ങുന്നു. നാലു പേർ ഒന്നാം വാർഷികത്തിലും കാണാമറയത്ത്. 2020 ഓഗസ്റ്റ് ആറിന് രാത്രി 11 മണിയോടെയാണ് കേരളം മറക്കാത്ത പ്രകൃതി ദുരന്തമുണ്ടായത്. മരിച്ചവരിൽ ഒരു ഗർഭിണിയും 18 കുട്ടികളും ഉൾപ്പെടും. കണ്ടെത്താനുള്ള നാല് പേരുടെ മരണം സർക്കാർ സ്ഥിരീകരിച്ചെങ്കിലും ഔദ്യോഗിക സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. മലമുകളിൽനിന്നും ഇരച്ചെത്തിയ ഉരുൾപോയ വഴിയെ ഇന്നൊരു നീർച്ചാൽ ഒഴുകുന്നു. ഉള്ളുലക്കുന്ന ഉറ്റവരുടെ ഓർമകളുമായി ദുരന്തത്തെ അതിജീവിച്ചവർ ഇടക്കിടെ ഇവിടെത്തി വിതുമ്പലടക്കി മടങ്ങും. കല്ലും മണ്ണും നിറഞ്ഞിടത്ത് കാടുപിടിച്ച് തുടങ്ങി. വാഹനങ്ങളുടെയും ലയങ്ങളുടെയും അവശിഷ്ടങ്ങൾ, കളിപ്പാവകൾ എല്ലാം ചിതറികിടക്കുന്നു. പെട്ടിമുടി ലയങ്ങൾക്ക് മേൽ ദുരന്തം പെയ്തിറങ്ങിയത് പുറം ലോകമറിഞ്ഞത് പിറ്റേന്ന് രാവിലെ.
സ്ഥലത്ത് മൊബൈൽ റേഞ്ചില്ലാത്തതും പെരിയവര പാലം തകർന്നതുമാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. പ്രദേശവാസികൾ നടന്ന് രാജമലയിലെ വനംവകുപ്പ് ഓഫീസിലെത്തിയാണ് വിവരം പുറംലോകത്തറിയിച്ചത്. പാതിയോളം പേരുടെ മൃതദേഹം പുഴയിലാണ് കണ്ടെത്തിയത്. 14 കിലോ മീറ്റർ വരെ ദൂരത്തിൽ എട്ടടിയിലധികം ഉയരമുള്ള മരത്തിൽ നിന്നടക്കം മൃതദേഹങ്ങൾ ലഭിച്ചു. രക്ഷപ്പെട്ട 8 കുടുംബങ്ങൾക്ക് കുറ്റിയാർവാലിയിൽ വീട് നിർമിച്ച് നൽകി.