കോഴിക്കോട്- മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ പ്രതികരണവുമായി സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈനലി ശിഹാബ് തങ്ങൾ. ചന്ദ്രികയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ തീർത്ത മാനസിക സമർദ്ദമാണ് തന്റെ പിതാവിന്റെ അസുഖത്തിന് കാരണമെന്ന ആരോപണവും മുഈനലി ഉന്നയിച്ചു. നേരത്തെ ദൽഹിയിൽ എത്തിച്ച് ഹൈദരലി തങ്ങളെ ചികിത്സിപ്പിച്ചെങ്കിലും ഭേദമായില്ലെന്നും മുഈനലി പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടിയും മുൻ മന്ത്രി വി.കെ ഇബ്രാഹീം കുഞ്ഞുമാണ് സാമ്പത്തിക കാര്യങ്ങൾക്ക് മറുപടി പറയേണ്ടതെന്നും മുഈനലി വ്യക്തമാക്കി.
അതേസമയം, പത്രസമ്മേളനത്തിനിടെ ലീഗ് ഹൗസിലെത്തിയ പുതിയകടവ് സ്വദേശിയായ ലീഗ് പ്രവർത്തകൻ
മുഈനലി ശിഹാബ് തങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശം ഉയർത്തി. ചന്ദ്രികയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾക്ക് മറുപടി പറയാൻ എത്തിയ മുഈനലി ലീഗിനെതിരെയും കുഞ്ഞാലിക്കുട്ടിക്ക് എതിരെയും വിമർശനം ഉന്നയിച്ചത് അംഗീകരിക്കാനാകില്ലെന്നും ഉറക്കെ ആക്രോശിച്ചായിരുന്നു വിമർശനം. തുടർന്ന് പത്രസമ്മേളനം അവസാനിപ്പിച്ച് ലീഗ് അഭിഭാഷകൻ മുഹമ്മദ് ഷായും മുഈനലിയും ഇറങ്ങിപ്പോയി.