ദുബായ്- ഗൾഫ് രാജ്യങ്ങളടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പറക്കുന്ന ഇന്ത്യക്കാരെ ലക്ഷ്യമിട്ട് രാജ്യാന്തര വിമാന കമ്പനികൾ വൻ നിരക്ക് ഇളവുകൾ പ്രഖ്യാപിച്ചു. ഏറെ യാത്രക്കാരുള്ള റൂട്ടുകളിൽ ഇന്ത്യൻ, വിദേശ വിമാന കമ്പനികൾ 30 ശതമാനം വരെ ഇളവാണ് നൽകുന്നത്. ഗൾഫിലേക്ക് മടക്കയാത്രയടക്കം 10,000 രൂപ മുതൽ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് 16,000 രൂപയും യൂറോപ്പിലേക്ക് 33,000 രൂപയും വടക്കെ അമേരിക്കയിലേക്ക് 55,000 രൂപയുമാണ് ഓഫറുകൾ.
എമിറേറ്റ്‌സ്, ഇത്തിഹാദ്, ഖത്തർ എയർവേയ്‌സ് എന്നീ ഗൾഫ് കമ്പനികളാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുകൾ നൽകുന്നത്. ദൽഹിയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇക്കോണമി ക്ലാസ് യാത്രക്ക് 13,600 രൂപയാണ് എമിറേറ്റ്‌സ് ടിക്കറ്റ് നിരക്ക്. ബിസിനസ് ക്ലാസ് ടിക്കറ്റ് 68,200 രൂപ. യൂറോപ്പിലേക്ക് 34,800 രൂപയും യുഎസിലേക്ക് 57,400 രൂപയുമാണ് എമിറേറ്റ്‌സിലെ ഇക്കോണമി നിരക്കിളവുകൾ. ഓഫറുകൾ നവംബർ 30 വരെയുള്ള യാത്രകൾക്കു മാത്രമായിരിക്കുമെന്നും എമിറേറ്റ്‌സ് അറിയിക്കുന്നു.
ഇത്തിഹാദും ദൽഹിയിൽ നിന്ന് പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് നിരക്കുകൾ കുറച്ചു. പാരിസിലേക്കും ലോസ് ആഞ്ചൽസിലേക്കും 38,361 രൂപും 54,932 രൂപയിലുമാണ് ടിക്കറ്റ് തുടങ്ങുന്നത്. ഖത്തർ എയർവേയ്‌സ് ലണ്ടനിലേക്ക് 35,000 രൂപയും ന്യൂയോർക്കിലേക്ക് 54,000 രൂപയുമാണ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയിൽ നിന്നും യൂറോപ്പിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്ന ഗൾഫ് വിമാന കമ്പനികളോട് മത്സരിക്കാൻ യുറോപ്യൻ കമ്പനികളും ഇളവുകളുമായി രംഗത്തുണ്ട്. ജനുവരിയിൽ ബുക്ക് ചെയ്യുന്നവർക്ക് ലണ്ടനിലേക്കുള്ള നിരക്ക് 40,206 രൂപയായി ബ്രിട്ടീഷ് എയർവേയ്‌സ് കുറച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള കണക്ടിങ് ഫ്‌ളൈറ്റുകൾക്കും ഇളവ് നൽകുന്നുണ്ട്. പുതിയ ബ്രിട്ടീഷ് നിയമപ്രകാരം വീസയില്ലാതെ തന്നെ ലണ്ടനിൽ ഇറങ്ങി പോകാമെന്നും കമ്പനി അറിയിച്ചു.
ഡച്ച് കമ്പനിയായ കെഎൽഎം ജനുവരി 31ന് മുമ്പ് ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ഇളവ് നൽകുന്നു. സെപ്തംബർ 30 വരെയുള്ള യാത്രകൾക്കാണിത്. ദൽഹിയിൽ നിന്നും ബാഴ്‌സിലോന, മിലാൻ എന്നിവിടങ്ങളിലേക്ക് 33,500 രൂപയും ന്യൂയോർക്കിലേക്കും ടൊറന്റൊയിലേക്കും 60,000 രൂപയുമാണ് കെഎൽഎമ്മിന്റെ ഡിസ്‌കൗണ്ട് ടിക്കറ്റ് നിരക്ക്.