കണ്ണൂര്‍- സര്‍ക്കാര്‍ ജോലിക്കായി മാത്രം കാത്തു നില്‍ക്കാതെ ആടിനെ വളര്‍ത്തി ജീവിക്കാന്‍ അഭ്യസ്തവിദ്യരായ യുവാക്കളെ ഉപദേശിച്ച കേരള ഹൈക്കോടതി ജഡ്ജിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കണ്ണൂര്‍ കോര്‍പറേഷന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ അഡ്വ.ടി.ഒ.മോഹനന്‍.
എല്‍.എല്‍.ബി എടുത്ത ജഡ്ജി പശുവിനെ വളര്‍ത്താന്‍ പോകാതെ എന്തിന് ജഡ്ജിയാകാന്‍ പോയെന്ന് അദ്ദേഹം ചോദിച്ചു. സര്‍ക്കാരിന്റെ യുവജന വഞ്ചനയ്‌ക്കെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റിനു മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മേയറുടെ വിമര്‍ശനം.
പി. എസ്.സി നിയമനവുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം കേരളാ ഹൈക്കോടതിയിലെ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, ഉദ്യോഗാര്‍ഥികളോട് ആടിനെ വളര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന യുവാക്കളുടെ മനോഭാവം മാറേണ്ടതുണ്ട്. എം.എസ്‌സി പഠിച്ചയാള്‍ രണ്ട് ആടുകളെ വളര്‍ത്തി വരുമാനമുണ്ടാക്കിയാല്‍ സ്റ്റാറ്റസ് പോകുമോ? ബി.എ വരെ പഠിച്ചാല്‍ അതൊന്നും പാടില്ലെന്നാണ് നമ്മുടെ മനോഭാവം. സര്‍ക്കാര്‍ ജോലിയില്ലെങ്കില്‍ ലോകാവസാനമല്ല, റാങ്ക് ലിസ്റ്റ് പൂര്‍ത്തിയാകുമ്പോഴെല്ലാം പ്രതിഷേധമാണ്. എപ്പോഴും സര്‍ക്കാര്‍ ജോലിയെ ആശ്രയിക്കാനാവില്ല. കേരളത്തില്‍ മാത്രമാണീ പ്രവണതയെന്ന് വാക്കാല്‍ നിരീക്ഷിച്ചാണ് ജസ്റ്റീസ് ഇതുമായി ബന്ധപ്പെട്ട ഹരജികള്‍ തള്ളിയത്. ജസ്റ്റീസിന്റെ വാക്കുകള്‍ വലിയ വാര്‍ത്താപ്രാധാന്യവും നേടിയിരുന്നു.
പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ കേസ് പരിഗണിക്കവേ ഹൈക്കോടതി ജഡ്ജി നടത്തിയ പരാമര്‍ശം വിദ്യാര്‍ഥികളെ അപമാനിക്കുന്നതിന് തുല്യമാണ്. എല്ലാവരും സര്‍ക്കാര്‍ ജോലി ആഗ്രഹിക്കരുതെന്നും നാല് പശുക്കളെ വളര്‍ത്തുന്നത് സ്റ്റാറ്റസിന് ചേരാത്തതാണെന്നുമുള്ള കാഴ്ചപ്പാട് ശരിയല്ലെന്നുമാണ് കോടതി അഭിപ്രായപ്പെട്ടത്. ഭരണകൂടം നിഷ്പക്ഷമാകാതെ വരുമ്പോഴാണ് ജനങ്ങള്‍ കോടതിയെ സമീപിക്കുന്നതെന്നും ജനങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്ന പി.എസ്.സിയെ സര്‍ക്കാര്‍ നോക്കുകുത്തിയാക്കിയിരിക്കയാണ്. യു.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത് നിയമന നിരോധനമെന്ന് ആരോപിച്ച് പ്രക്ഷോഭം നടത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ ക്കാര്‍, റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജോലി ലഭിക്കാതെ പോയിട്ടും പ്രതിഷേധിക്കാന്‍ പോലും തയ്യാറായില്ല. ഒരു ജോലിയെന്ന യുവജനങ്ങളുടെ സ്വപ്നം തല്ലിക്കെടുത്താന്‍ കൂട്ട് നില്‍ക്കുകയാണ് യുവജന പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന ഡി.വൈ.എഫ്.ഐയെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധ ധര്‍ണ്ണയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, റോബര്‍ട്ട് വെള്ളാര്‍വള്ളി, വി.രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, റിജേഷ് കൊയ്‌ലേരിയന്‍, എം.കെ വരുണ്‍ എന്നിവര്‍ സംസാരിച്ചു.