റിയാദ് - ഷോപ്പിംഗ് മാളുകളില്‍ സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കുന്ന തീരുമാനം ബുധനാഴ്ച മുതല്‍ നടപ്പാക്കി തുടങ്ങിയതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഷോപ്പിംഗ് മാളുകളില്‍ സൗദിവല്‍ക്കരണം നടപ്പാക്കാന്‍ നേരത്തെ മന്ത്രാലയം നല്‍കിയ സാവകാശം ഇന്ന് അവസാനിച്ചു. ഷോപ്പിംഗ് മാളുകളിലെലെയും ഷോപ്പിംഗ് മാള്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസുകളിലെയും മുഴുവന്‍ തൊഴിലുകളും സൗദിവല്‍ക്കരിക്കല്‍ നിര്‍ബന്ധമാണ്. ശുചീകരണ ജോലികള്‍ പോലെ പരിമിതമായ ചില തൊഴിലുകളെ സൗദിവല്‍ക്കരണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഷോപ്പിംഗ് മാളുകളിലെ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസ് ജോലികള്‍ 100 ശതമാനം സൗദിവല്‍ക്കരിക്കണം. മാളുകളിലെ ശുചീകരണം, കയറ്റിറക്ക്, ഗെയിം റിപ്പയര്‍, ബാര്‍ബര്‍ എന്നീ തൊഴിലുകളെ സൗദിവല്‍ക്കരണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഈ വിഭാഗം തൊഴിലാളികളുടെ എണ്ണം ഒരു ഷിഫ്റ്റില്‍ ആകെ തൊഴിലാളികളുടെ 20 ശതമാനത്തില്‍ കവിയരുതെന്ന് വ്യവസ്ഥയുണ്ട്. കൂടാതെ ഇവര്‍ യൂനിഫോം പാലിക്കലും നിര്‍ബന്ധമാണ്. ഷോപ്പിംഗ് മാളുകളില്‍ സൗദിവല്‍ക്കരണം നടപ്പാക്കാനുള്ള തീരുമാനം നാലു മാസം മുമ്പാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്.