റിയാദ് - വിദേശങ്ങളിൽനിന്ന് സ്വീകരിച്ച കൊറോണ വാക്‌സിൻ ഡോസുകളുടെ രജിസ്‌ട്രേഷൻ നടത്തുന്നതിനിടെ ബ്ലോക്കായവർക്ക് വീണ്ടും ആരോഗ്യ മന്ത്രാലയം സൗകര്യമേർപ്പെടുത്തിയെങ്കിലും വീണ്ടും സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുമ്പോൾ കാര്യമായി ശ്രദ്ധിക്കണം. വീണ്ടും പിഴവ് വരുത്തി ലിങ്ക് ബ്ലോക്കായാൽ പുതിയ അവസരം ലഭിക്കാൻ ഏറെ പ്രയാസപ്പെടേണ്ടി വരും. അതിനാൽ സമയമെടുത്ത് ഏറെ ശ്രദ്ധയോടെയായിരിക്കണം സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടത്. (https://eservices.moh.gov.sa/CoronaVaccineRegistration) ലിങ്ക് വഴിയാണ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടത്. ആരോഗ്യ മന്ത്രാലയത്തിന്റെ സിസ്റ്റങ്ങളിലും 'തവക്കൽനാ' ആപ്പിലും വിദേശങ്ങളിൽ നിന്ന് സ്വീകരിച്ച കൊറോണ വാക്‌സിൻ ഡോസ് രജിസ്‌ട്രേഷനാണ് സൗകര്യമേർപ്പെടുത്തിയിരിക്കുന്നത്. സാധ്യമായത്ര കുറഞ്ഞ സമയത്തിനകം വിവരങ്ങൾ ചേർക്കുന്ന പ്രക്രിയ സുഗമമാക്കാനും അപേക്ഷ നിരാകരിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാനും വാക്‌സിൻ ഡോസ് രജിസ്‌ട്രേഷന് സമീപിക്കുന്നവർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ഉണർത്തി.
ആരോഗ്യവകുപ്പിന്റെ അറിയിപ്പ്:
രേഖപ്പെടുത്തുന്ന വിവരങ്ങളുടെ കൃത്യത നന്നായി ഉറപ്പുവരുത്തണം. തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തുന്നത് അപേക്ഷ നിരസിക്കപ്പെടാൻ ഇടയാക്കും. അപേക്ഷ സ്വീകരിക്കാൻ വിദേശികൾക്ക് ഹവിയ്യതു മുഖീമും സൗദികൾക്ക് ഹവിയ്യയുമുണ്ടായിരിക്കണം. അപേക്ഷക്കൊപ്പം നൽകുന്ന രേഖകൾ പി.ഡി.എഫ് ഫോർമാറ്റിലായിരിക്കണം. ഇവയുടെ സൈസ് ഒരു എം.ബിയിൽ കവിയാൻ പാടില്ല.
സർട്ടിഫിക്കറ്റിൽ വ്യക്തിപരമായ വിവരങ്ങൾ ഉണ്ടായിരിക്കണം. സർട്ടിഫിക്കറ്റ് അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഏതെങ്കിലും ഒരു ഭാഷയിലായിരിക്കണം. അതല്ലെങ്കിൽ അംഗീകാരമുള്ള നിലക്ക് അറബിയിലേക്ക് വിവർത്തനം ചെയ്തതായിരിക്കണം. സീകരിച്ച വാക്‌സിന്റെ പേര്, നിർമിച്ച തീയതി, ബാച്ച് നമ്പർ എന്നിവ സർട്ടിഫിക്കറ്റിലുണ്ടായിരിക്കൽ നിർബന്ധമാണ്.
പാസ്‌പോർട്ട് കോപ്പിയും വാക്‌സിൻ സർട്ടിഫിക്കറ്റ് കോപ്പിയും അപേക്ഷക്കൊപ്പം സമർപ്പിച്ചിരിക്കണം. നിലവിൽ നൽകിയ ഒരു അപേക്ഷ ഉണ്ടായിരിക്കെ പുതിയ മറ്റൊരു അപേക്ഷ സമർപ്പിക്കാൻ കഴിയില്ല. അപേക്ഷയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അഞ്ചു പ്രവൃത്തി ദിവസം വരെ എടുക്കും.
ഫൈസർ-ബയോൻടെക്, മോഡേണ, ഓക്‌സ്‌ഫോർഡ്-അസ്ട്രാസെനിക്ക, ജാൻസൻ (ജോൺസൺ ആന്റ് ജോൺസൺ), സിനോഫാം, സിനോവാക് എന്നീ വാക്‌സിനുകൾക്കാണ് നിലവിൽ സൗദിയിൽ അംഗീകാരമുള്ളത്. സൗദി അറേബ്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സൗദി തിരിച്ചറിയൽ കാർഡില്ലാത്തവർക്കും ഇഖാമയില്ലാത്ത വിദേശികൾക്കും (https://muqeem.sa/#/vaccine-registration/home) എന്ന ലിങ്ക് വഴി വാക്‌സിൻ സ്വീകരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ രജിസ്റ്റർ ചെയ്യാവുന്നതാണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.