നിയോം സിറ്റി - തുനീഷ്യയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്ന എല്ലാ കാര്യങ്ങൾക്കുമൊപ്പം സൗദി അറേബ്യ നിലയുറപ്പിക്കുമെന്ന് മന്ത്രിസഭാ യോഗം വ്യക്തമാക്കി. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് തുനീഷ്യക്കുള്ള പൂർണ പിന്തുണ പ്രഖ്യാപിച്ചത്. തുനീഷ്യ സാക്ഷ്യം വഹിക്കുന്ന സാഹചര്യങ്ങളെ അതിജീവിക്കാനും തുനീഷ്യൻ ജനതക്ക് മാന്യമായ ജീവിതവും അഭിവൃദ്ധിയും കൈവരിക്കാനും തുനീഷ്യൻ പ്രസിഡന്റിന് സാധിക്കുമെന്ന ആത്മവിശ്വാസം സൗദി മന്ത്രിസഭ പ്രകടിപ്പിച്ചു. ആരോഗ്യ, സാമ്പത്തിക വെല്ലുവിളികൾ നേരിടാൻ ആഗോള സമൂഹം തുനീഷ്യക്കൊപ്പം നിലയുറപ്പിക്കണം.
പകർച്ചവ്യാധികളിൽ നിന്ന് മുക്തമായ, സുരക്ഷിതമായ ആരോഗ്യ സാഹചര്യത്തിൽ ഹജ് തീർഥാടകർക്ക് കർമങ്ങൾ നിർവഹിക്കാൻ സാധിക്കുകയും ഏറ്റവും വിജയകരമായി ഹജ് സീസൺ പൂർത്തിയാവുകയും ചെയ്തതിൽ സൽമാൻ രാജാവ് സംതൃപ്തി പ്രകടിപ്പിച്ചു. ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് വികസനം, അഭിവൃദ്ധി, സമാധാനം എന്നിവ കൈവരിക്കുന്നതിന് സംഭാവന നൽകുന്ന രാജ്യങ്ങളുടെ മുൻനിരയിൽ എക്കാലവും സൗദി അറേബ്യയുണ്ടാകും. കൊറോണ മഹാമാരി വ്യാപനം നേരിടാൻ അന്താരാഷ്ട്ര സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്നും വികസനത്തിനും വളർച്ചക്കും ഉചിതമായ അന്തരീക്ഷം ശക്തിപ്പെടുത്തുമെന്നും മേഖലാന്തര വ്യാപാര പങ്കാളിത്തം വർധിപ്പിക്കുമെന്നും തീവ്രവാദത്തെയും ഭീകരവാദത്തെയും ചെറുക്കാനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കുമെന്നും ഉസ്‌ബെക്കിസ്ഥാനിൽ ചേർന്ന സെൻട്രൽ ആന്റ് സൗത്ത് ഏഷ്യ ഉച്ചകോടിയിൽ പങ്കെടുത്ത് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്.
സൗദിയിൽ സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകൾ ആക്രമണങ്ങൾ തുടരുന്നതിനെയും ചെങ്കടലിൽ സമുദ്ര ഗതാഗതത്തിനും ആഗോള വ്യാപാരത്തിനും ഭീഷണി സൃഷ്ടിക്കുന്നതിനെയും മന്ത്രിസഭാ യോഗം അപലപിച്ചു. ഈ ആക്രമണ ശ്രമങ്ങൾ പരാജയപ്പെടുത്തുന്നതിൽ സൗദി സൈന്യം കാണിക്കുന്ന കാര്യക്ഷമതയെയും ബാബൽമന്ദബ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ സുരക്ഷയും സ്വതന്ത്ര കപ്പൽ ഗതാഗതവും ഉറപ്പു വരുത്തുന്നതിൽ സഖ്യസേന വഹിക്കുന്ന പങ്കിനെയും മന്ത്രിസഭാ യോഗം പ്രശംസിച്ചു.
പ്രാദേശിക, ആഗോള തലത്തിൽ കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട പുതിയ സംഭവ വികാസങ്ങളും കൊറോണ പ്രത്യാഘാതങ്ങൾ വിജയകരമായി പരിമിതപ്പെടുത്തുന്നതിൽ സൗദി അറേബ്യ നടത്തിയ ശ്രമങ്ങളും മന്ത്രിസഭ വിലയിരുത്തി. സ്വദേശികളും വിദേശികളും അടക്കമുള്ളവർക്ക് ഇതിനകം 2.7 കോടിയിലേറെ ഡോസ് വാക്‌സിൻ വിതരണം ചെയ്ത് സാമൂഹിക പ്രതിരോധ ശേഷി വർധിപ്പിച്ചു. വാക്‌സിൻ വിതരണത്തിനും വാക്‌സിൻ വിതരണ കവറേജ് നിരക്കിലും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ ഇടം പിടിച്ചിട്ടുണ്ടെന്നും മന്ത്രിസഭാ യോഗം പറഞ്ഞു.
ആരോഗ്യ മേഖലയിൽ പരസ്പര സഹകരണത്തിന് അമേരിക്കയുമായി ധാരണാപത്രം ഒപ്പുവെക്കാൻ ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. വാണിജ്യ വഞ്ചനാ നിയമത്തിലെ ഇരുപത്തിമൂന്നാം വകുപ്പ് മന്ത്രിസഭ ഭേദഗതി ചെയ്തു. സൗദി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി നിയമത്തിലും മന്ത്രിസഭ ഭേദഗതി വരുത്തി.