മഡ്രീഡ് - ലിയണൽ മെസ്സി പെനാൽട്ടി പാഴാക്കിയതോടെ 29 കളികളിൽ പരാജയമറിയാതെ മുന്നേറിയ ബാഴ്‌സലോണയുടെ ജൈത്രയാത്ര അവസാനിച്ചു. കോപ ഡെൽറേ ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ എസ്പാന്യോളിന്റെ ഗ്രൗണ്ടിൽ അവർ 0-1 ന് തോറ്റു. സീസണിന്റെ തുടക്കത്തിൽ സ്പാനിഷ് സൂപ്പർ കപ്പിൽ റയൽ മഡ്രീഡിനോടാണ് ബാഴ്‌സലോണ അവസാനം തോറ്റത്. അറുപത്തിരണ്ടാം മിനിറ്റിൽ മെസ്സി പെനാൽട്ടി പാഴാക്കിയതിന് ബാഴ്‌സലോണ വില നൽകേണ്ടി വന്നു. കളി തീരാൻ രണ്ടു നിമിഷം മാത്രം ബാക്കിനിൽക്കേ ഓസ്‌കർ മെലെൻഡൊ എസ്പാന്യോളിന് ലീഡ് നൽകി. ഒമ്പതു വർഷത്തിനു ശേഷമാണ് ബാഴ്‌സലോണയെ എസ്പാന്യോൾ തോൽപിക്കുന്നത്.
ബാഴ്‌സലോണ ആധിപത്യം പുലർത്തിയെങ്കിലും ഇരു ടീമുകൾക്കും അപൂർവമായേ അവസരം സൃഷ്ടിക്കാനായുള്ളൂ. സെർജി റോബർടോയെ ഫൗൾ ചെയ്തതിനു കിട്ടിയ പെനാൽട്ടി വഴിത്തിരിവാകുമെന്നാണ് കരുതിയത്. എന്നാൽ മെസ്സിയുടെ ഷോട്ട് ഡിയേഗൊ ലോപസ് ഇടത്തോട്ട് ചാടിത്തടുത്തു. എൺപത്തിമൂന്നാം മിനിറ്റിൽ നവാരോയുടെ മനോഹരമായ ഫ്രീകിക്ക് ബാഴ്‌സലോണ ഗോളിയും രക്ഷപ്പെടുത്തി. നവാരോയാണ് ഗോളിന് വഴിയൊരുക്കിയത്.
അത്‌ലറ്റിക്കൊ മഡ്രീഡിനെ സെവിയ 2-1 ന് തോൽപിച്ചു. ഡിയേഗൊ കോസ്റ്റയിലൂടെ അത്‌ലറ്റിക്കൊ ലീഡ് നേടിയതായിരുന്നു. എന്നാൽ അവസാന വേളയിൽ സെവിയ രണ്ടു ഗോൾ മടക്കി. വലൻസിയ 2-1 ന് അലാവെസിനെ തോൽപിച്ചു. റയൽ മഡ്രീഡും ലെഗാനിസും തമ്മിലാണ് അവസാന ക്വാർട്ടർ.