കൊട്ടിയൂർ പീഡനക്കേസിലെ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാനായി പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുഞ്ചേരിക്ക് ജാമ്യം നൽകണമെന്ന ഇരുവരുടെയും ഹരജികൾ സുപ്രീം കോടതി തള്ളിയത് ആശ്വാസകരമാണ്. വേണമെങ്കിൽ ഇനിയും ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കലത് വിശദമായി പരിശോധിച്ച് തള്ളിയ ഹൈക്കോടതി തീരുമാനം മാറ്റാനിടയില്ല. മനുഷ്യത്വമുള്ളവർക്കും ലിംഗ നീതിയിൽ വിശ്വസിക്കുന്നവർക്കും പ്രതീക്ഷ നൽകുന്ന ഒന്നാണ് സുപ്രീം കോടതി തീരുമാനം. രണ്ടു പേരുടെയും സമ്മതത്തോട് കൂടിയുള്ള ലൈംഗിക ബന്ധമാണുണ്ടായിരുന്നതെന്ന് ഇരുവരും നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ വാദം ഹൈക്കോടതി തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. വെറും അഞ്ചു മിനിറ്റാണ് കോടതി ഈ കേസിനായി ചെലവാക്കിയത്.
കേസിൽ 20 വർഷം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി പോക്‌സോ കോടതി ഫാദർ റോബിന് ശിക്ഷ വിധിച്ചിരിക്കുന്നത്. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ആയിരിക്കേ പള്ളിയിലെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നായിരുന്നു കേസ്. പരാതിയിൽ 2017 ലാണ് റോബിൻ വടക്കുഞ്ചേരി അറസ്റ്റിലാകുന്നത്. പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും വിവരം പുറത്തറിയാതിരിക്കാൻ വൈദികൻ പണം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പെൺകുട്ടിയുടെ അമ്മ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പെൺകുട്ടി പ്രസവിച്ചത് ഫാദർ റോബിൻ വടക്കുഞ്ചേരിയുടെ കുഞ്ഞിനെയാണെന്ന് പിന്നീട് ഡിഎൻഎ പരിശോധനയിലൂടെ വ്യക്തമാകുകയും ചെയ്തിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉഭയ സമ്മത പ്രകാരമാണെങ്കിലും ലൈംഗികമായി ഉപയോഗിക്കുന്നത് കുറ്റകരമാണെന്നാണ് പോക്‌സോ നിയമം. ഈ നിയമം ലംഘിച്ചതു മാത്രമല്ല, കുറ്റം മറച്ചുവെക്കാൻ ഇദ്ദേഹം ചെയ്ത ക്രൂരതകളാണ് ഈ കേസിനെ സമാനതകളില്ലാത്തതാക്കുന്നത്. സഭയിൽ വൻ സ്വാധീനമുണ്ടായിരുന്ന വികാരിയായിരുന്നു ഫാ. റോബിൻ. സഭയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ഇൻഫാം എന്ന കർഷക സംഘടനയുടെ പ്രാരംഭ നേതാവ്, ഫാരിസ് അബൂബക്കറിനോട് ചേർന്ന് ദീപിക പത്രത്തെ നയിച്ചു, ജീവൻ ടി.വിയുടെ തലവനായിരുന്നു, സഭയുടെ കീഴിലുള്ള നൂറോളം സ്‌കൂളുകളുടെ തലവൻ. ഇതിനെല്ലാം പുറമെ പല മനുഷ്യാവകാശ സമരങ്ങളിലെയും സാന്നിധ്യം. അത്തരത്തിലുള്ള ഒരു വ്യക്തിയാണ് പള്ളിമടയിൽ വെച്ചു നടത്തിയ പീഡനക്കേസ് വളച്ചൊടിക്കാൻ എല്ലാ ശ്രമവും നടത്തിയത്. അതിന് കന്യാസ്ത്രീകളടക്കമുള്ള സഭയിലെ പല ഉന്നതരും ബാലാവകാശ കമ്മീഷനുമടക്കം കൂട്ടുനിന്നതായും ആരോപണമുയർന്നിരുന്നു.
പെൺകുട്ടി പ്രസവിക്കുന്നതുവരെ സംഭവം രഹസ്യമാക്കി വെച്ച ശേഷം ഇദ്ദേഹം ഇന്ന് ഏറ്റെടുക്കാമെന്നു പറയുന്ന ആ ചോരക്കുഞ്ഞിനോട് ചെയ്തത് മഹാക്രൂരതയായിരുന്നു. പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിനെ അമ്മയിൽ നിന്നടർത്തി മാറ്റി 100 കിലോമീറ്ററകലെ അതിശൈത്യമുള്ള വയനാട്ടിലെ വൈത്തിരിയിൽ കന്യാസ്ത്രീകൾ നടത്തിയ അനാഥാലയത്തിലെത്തിച്ചു. അന്ന്
വയനാട് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ മാനന്തവാടി രൂപത പാസ്റ്ററൽ കൗൺസിൽ പി ആർ ഒ കൂടിയായിരുന്ന ഫാദർ തോമസ് തേരകമായിരുന്നു. അനാഥാലയത്തിൽ എത്തപ്പെടുന്ന ഒരു കുഞ്ഞിന്റെ വിവരങ്ങൾ യഥാസമയം അധികാരികളെ അറിയിക്കേണ്ടതുണ്ട് എന്ന നിയമപരമായ ബാധ്യത നടത്തിപ്പുകാർ നിർവഹിക്കാതിരുന്നതും ചൈൽഡ് വെൽഫെയർ കമ്മിറ്റി അനങ്ങാതിരുന്നതും എന്തുകൊണ്ടാണെന്ന് പ്രത്യകിച്ച് പറയേണ്ടതില്ലല്ലോ.
പിന്നീട് സംഭവം പുറത്തു വന്നതിനെ തുടർന്നാണ് അയാളുടെ ഏറ്റവും വലിയ ക്രൂരത അരങ്ങേറിയത്. സംഭവത്തിനുത്തരവാദി താനാണെന്ന് പെൺകുട്ടിയുടെ പിതാവ് മൊഴി കൊടുത്തു, പെൺകുട്ടിയും അതംഗീകരിച്ചു. പണവും അതിനേക്കാളേറെ പള്ളിയോടും പുരോഹിതനോടുമുള്ള അവരുടെ വിശ്വാസ വിധേയത്വത്തെയാവും ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ടാകുക എന്നുറപ്പ്. അടുത്ത കാലത്തിറങ്ങിയ ഒരു സിനിമയിൽ സമാന രംഗങ്ങൾ ഉണ്ടായിരുന്നു. എന്നിട്ടും സംഭവം മൂടിവെക്കാനാവാത്ത അവസ്ഥ വന്നപ്പോൾ ചെയ്തത് കുട്ടിയുടെ പ്രായത്തെ തിരുത്തുകയായിരുന്നു. കുട്ടിയെ ശിശുക്ഷേമ സമിതിയിൽ പ്രവേശിപ്പിച്ചപ്പോൾ 16 വയസ്സ് എന്നത് 18 വയസ്സാക്കി തിരുത്തി. എന്നാൽ കുട്ടിയെ മാമോദിസ മുക്കിയ രേഖകളും മറ്റും പുറത്തു വന്നപ്പോൾ അതും പൊളിഞ്ഞു. അങ്ങനെയാണ് അവസാനം ഇയാൾ ശിക്ഷിക്കപ്പെട്ടത്.
ജയിലിൽ കിടന്നും തന്റെ സ്വാധീനമുപയോഗിച്ച് പുറത്തു വരാനുള്ള കരുക്കൾ നീക്കുകയാണ് ഈ മുൻ വൈദികൻ. അതിന്റെ ഭാഗമായാണ് പെൺകുട്ടിയെയും കുഞ്ഞിനെയും സംരക്ഷിച്ചു കൊള്ളാമെന്നും വിവാഹത്തിന് പെൺകുട്ടിയുടെ സമ്മതമുണ്ടെന്നും അതനുവദിക്കണമെന്നും അതിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നും അപേക്ഷിച്ചത്. പെൺകുട്ടിയും ഇതേ ആവശ്യവുമായി കോടതിയിലെത്തി. പ്രായപൂർത്തിയായ രണ്ടുപേർ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് കോടതിക്കു മുന്നിൽ വന്നാൽ അതു നിഷേധിക്കാൻ കോടതിക്കു എളുപ്പമല്ല എന്നായിരുന്നു പൊതുവിൽ കരുതപ്പെട്ടിരുന്നത്. അത്തരം സംഭവങ്ങൾ വാർത്തയാകാതെ തന്നെ നിരന്തരമായി നടക്കുന്നുമുണ്ട്. അങ്ങനെ ചെയ്തുകൂടെ എന്നു കോടതി ചോദിച്ച സംഭവവുമുണ്ടായിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ നിയമത്തിലൂടെ തന്നെ ഈ വിവാഹം നടക്കുകയാണെങ്കിൽ അതിലൂടെ ഇദ്ദേഹം കാർക്കിച്ചുതുപ്പുന്നത് നമ്മുടെയെല്ലാം നൈതിക ബോധത്തിനു നേരെയാകുമായിരുന്നു. അത്തരമൊരു സാഹചര്യമാണ് ഇപ്പോൾ സുപ്രീം കോടതി ഇല്ലാതാക്കിയിരിക്കുന്നത്. എന്നാൽ പുതിയ തന്ത്രങ്ങളുമായി അയാൾ ഇനിയും രംഗത്തെത്തുമെന്നുറപ്പ്.
ഇവർക്കു പിറന്ന കുഞ്ഞ് ഇപ്പോൾ പെൺകുട്ടിയുടെ കൂടെയാണ്. സ്‌കൂളിൽ ചേരാറായ കുട്ടിക്ക് അവിടെ പിതാവിന്റെ പേർ നൽകേണ്ടിവരുമല്ലോ. അതുകൊണ്ടു കൂടിയാണ് പെൺകുട്ടി ഇത്തരമൊരു അപേക്ഷയുമായി രംഗത്തെത്തിയതെന്നാണ് വാർത്ത. നമ്മുടെ സമൂഹം ''തന്തയില്ലാത്തവരെ'' എങ്ങനെയാണ് കാണുന്നതെന്ന് ആ കുട്ടിക്കും അറിയാമല്ലോ. അല്ലെങ്കിൽ 49 വയസ്സായ ഒരാളെ ആ കുട്ടി വിവാഹം കഴിക്കാൻ തയാറാകുമെന്നു കരുതാനാകില്ല. ഇത്തരമൊരു ദയനീയമായ അവസ്ഥയിൽ ആ കുട്ടിയെ എത്തിച്ചതിൽ കേരളീയ സമൂഹത്തിനും വലിയ പങ്കുണ്ടെന്നതാണ് വസ്തുത. മാത്രമല്ല, അരമനകൾക്കുള്ളിൽ നടക്കുന്ന പീഡനങ്ങളുടെ പരമ്പരകളേറെ പുറത്തു വന്നിട്ടും കന്യാസ്ത്രീകൾ തന്നെ ആത്മകഥയിലൂടെ അത്തരം സംഭവങ്ങൾ പുറത്തു കൊണ്ടുവന്നിട്ടും അക്കാര്യത്തിൽ ജാഗരൂകരാകാൻ നമുക്കായിട്ടില്ല. പതിറ്റാണ്ടുകൾ നീണ്ട അഭയ കേസ് മാത്രം പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകും. പോപ്പ് പറഞ്ഞിട്ടു പോലും വിവാഹം കഴിക്കാൻ തയാറാകാത്ത പുരോഹിതന്മാരാണ് പലപ്പോഴും പീഡകരാകുന്നതെന്നത് മറ്റൊരു വൈരുധ്യം. കുഞ്ഞുങ്ങൾക്കുവേണ്ടിയല്ലാത്ത ലൈംഗിക ബന്ധം പാപമാണെന്നു ഇപ്പോഴും പഠിപ്പിക്കുന്നവർ...
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയാൻ രൂപം കൊടുത്ത മികച്ച നിയമമെന്നറിയപ്പെടുന്ന പോക്സോ നിയമം നേരിടുന്ന വെല്ലുവിളികളും ഈ സാഹചര്യത്തിൽ ചർച്ച ചെയ്യേണ്ടതാണ്. 2012 ലാണ് രാജ്യത്ത് പോക്സോ നിയമത്തിനു രൂപം കൊടുത്തത്. അതുവരെ ഇന്ത്യൻ ശിക്ഷാനിയമവും ക്രിമിനൽ നടപടി നിയമവുമൊന്നും കുട്ടി എന്ന പ്രത്യേക പരിഗണന നൽകിയിരുന്നില്ല. അതിനാൽ തന്നെ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ നീതി ലഭിക്കുക എളുപ്പമായിരുന്നില്ല. തീർച്ചയായും നിയമം വളരെ ശക്തമാണ്. എന്നിട്ടും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ വർധിക്കുന്നു എന്നതാണ് ഖേദകരം. സ്വന്തം വീടും സ്‌കൂളും വാഹനങ്ങളുമടക്കം ഒരിടത്തും കുട്ടികൾ സുരക്ഷിതരല്ല. പെൺകുട്ടികൾ മാത്രമല്ല, ആൺകുട്ടികളും പീഡിപ്പിക്കപ്പെടുന്നു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളുടെ വാർത്തകളാൽ മാധ്യമങ്ങൾ നിറയുന്നു. പ്രതികൾ കാര്യമായി ശിക്ഷിക്കപ്പെടുന്നില്ല. കേസുകൾ അനന്തമായി നീളുന്നതാണ് അതിനു പ്രധാന കാരണം. സംസ്ഥാനത്ത് ആയിരക്കണക്കിന് കേസുകളാണ് തീർപ്പാകാതെ കിടക്കുന്നത്. പ്രതികളിൽ ഭൂരിഭാഗവും കുട്ടികളുമായോ അവരുടെ കുടുംബവുമായോ അടുപ്പമുള്ളവരായിരിക്കും. അതിനാൽ തന്നെ കേസുകൾ അനന്തമായി നീളുമ്പോൾ കുട്ടികളുടെ മേൽ സമ്മർദമേറുകയും അവർ മൊഴി മാറ്റിപ്പറയുന്നതും നിരന്തരമായി ആവർത്തിക്കുന്നു.
പല കേസുകളിലും പീഡിപ്പിച്ചവർ കുട്ടികളെ വിവാഹം കഴിക്കുന്നു. പല കേസുകളിലും ഇരു കൂട്ടരുടെയും വീട്ടുകാർ ധാരണയിലെത്തുന്നു. നിരവധി സംഭവങ്ങളിൽ വിചാരണ നടക്കുമ്പോഴേക്കും കുട്ടിയുടെ വിവാഹം തന്നെ കഴിഞ്ഞിരിക്കും. അത്തരമൊരു സാഹചര്യത്തിൽ ഭർത്താവിനൊപ്പം കോടതിയിൽ വരാൻ അവർക്ക് താൽപര്യം കാണില്ല. ഭർത്താക്കന്മാരും അതിനു തയാറാവില്ല. ഇതൊക്കെയാണ് പോക്സോ നിയമം ഫലപ്രദമാകാതെ പോകാൻ പ്രധാന കാരണം. വാളയാർ, പാലത്തായി, കൊട്ടിയം പോലെ പ്രതികളെ രക്ഷിക്കാൻ മുഴുവൻ സംവിധാനവും രംഗത്തിറങ്ങുന്ന സംഭവങ്ങളും കുറവല്ല. ഇവക്കെല്ലാം പരിഹാരമുണ്ടാക്കുകയും നടപടികൾ അതിവേഗത്തിലാക്കുയും ചെയ്തില്ലെങ്കിൽ നിയമം കൊണ്ട് വലിയ ഗുണമുണ്ടാകില്ല. ഒപ്പം അതിനേക്കാൾ പ്രാധാന്യം ഇരയെ കുറ്റക്കാരായി കാണുന്ന സാമൂഹ്യ ബോധമാണ്. അതു മാറാത്തിടത്തോളം കാലം നിയമം കൊണ്ട് ഒരു ഗുണവുമുണ്ടാകില്ല എന്നാണ് ഈ സംഭവവും നൽകുന്ന പ്രധാന പാഠം. ഒപ്പം കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകാനും പ്രതിരോധിക്കാൻ പെൺകുട്ടികളെയും ലിംഗനീതി എന്നാലെന്താണെന്ന് ആൺകുട്ടികളെയും പഠിപ്പിക്കാനും നമ്മൾ തയയ്യാറാകുകയും വേണം.