മനാമ- ബഹ്‌റൈൻ സന്ദർശിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് പ്രവാസി മലയാളികളുടെ ഉജ്വല സ്വീകരണം. വെള്ളിയാഴ്ച വൈകീട്ട് ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന പരിപാടിയിൽ സമൂഹത്തിന്റെ നാനാതുറയിലുള്ള ആയിരങ്ങൾ പങ്കെടുത്തു.
കേരളത്തിന്റെ ദൈനംദിന ജീവിതത്തിൽ നിറഞ്ഞുനിൽക്കുന്നവരാണ് പ്രവാസികൾ. പ്രവാസികൾ മലയാളികളെ സംബന്ധിച്ച് കേവലമായ ഒരു വിഭാഗമല്ല. നമ്മുടെ നാടിന്റെ തന്നെ ഭാഗമായാണ് അവർ മറ്റുരാജ്യങ്ങളിൽ കഴിയുന്നത്. ഓരോ വ്യക്തിയെയും എടുത്ത് പരിശോധിച്ചാൽ, നാട്ടിൽ ജോലി ലഭിക്കാത്ത സാഹചര്യത്തിൽ കുടുംബപ്രാരാബ്ദങ്ങളും മറ്റുമായി വന്നവരാണ് പലരും. നാടിനെ താങ്ങിനിർത്തുന്നവരാണ് പ്രവാസികളെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിനുവേണ്ടി പ്രവർത്തിക്കുന്ന പ്രവാസികൾക്ക് അവർ അർഹിക്കുന്ന രൂപത്തിലുള്ള കാര്യങ്ങൾ തിരിച്ചുകിട്ടിയിട്ടില്ല. പ്രവാസികളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള കൃത്യമായ സംവിധാനം ഒരുങ്ങണം. പ്രവാസികൾ ഇവിടെയത്തെിയത് ജീവിതമാർഗത്തിനാണ്. ജീവിതസുരക്ഷ ഏറ്റവും പ്രധാനപ്പെട്ടതാണ്. ജോലി നഷ്ടപ്പെട്ടാൽ, തിരിച്ചുപോകേണ്ടി വന്നാൽ പ്രാരാബ്ധം ആരംഭിക്കുന്നരാണ് പലരും. അവരുടെ ജീവിതസുരക്ഷ ഉറപ്പാക്കണമെന്നത് നിങ്ങൾ നേരത്തെ പറയുന്നതാണ്. അതിൽ വളരെ ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞു എന്ന് പറയാനാകില്ല. എന്നാൽ ജീവിതസുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട് എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. കാരണം അത്രയും നാടിനുവേണ്ടി സംഭാവന ചെയ്യുന്നവരാണ് പ്രവാസികൾ. അതുകണക്കിലെടുത്ത് പ്രവാസികളുടെ ജീവിതസുരക്ഷക്കായി വേണ്ട കാര്യങ്ങൾ ചെയ്യും.
പ്രവാസി നിക്ഷേപം ജാഗ്രതയോടെ നടത്താൻ അവസരമുണ്ടായാൽ പിന്നീട് വരുമാനം ഉറപ്പാക്കാം. ഈ നിർദേശം പലപ്പോഴായി ഉയരുന്നുണ്ട്. ഇവിടെ ജോലി ചെയ്ത് വിരമിച്ച് പോയശേഷം നാട്ടിൽ കുഴപ്പമില്ലാതെ ജീവിക്കാനുള്ള സാഹചര്യമുണ്ടാകണം. മലയാളി പ്രവാസികൾക്കായി ഒരു പുനരധിവാസ പദ്ധതി രൂപപ്പെടുത്തും. ഇതു നാടിന്റെ ആകെ വികാരമാണ്. നാട് ഒന്നിച്ച് നിങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ നിങ്ങളോടൊപ്പമുണ്ട്. കേരളത്തിൽ ശക്തമായ രാഷ്ട്രീയ അഭിപ്രായ വിത്യാസങ്ങളുണ്ടാകാറുണ്ട്. എന്നാൽ, പ്രവാസികളുടെ കാര്യത്തിൽ കേരളം ഒറ്റക്കെട്ടാണ്.
ഗൾഫുമായി നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധമാണ് കേരളത്തിനുള്ളത്. നാടിന്റെ അന്നദാതാവായാണ് ഗൾഫ് നാടുകളെ കാണുന്നത്. ഇത് നിക്ഷേപകർക്ക് ഒരു നാട്ടിൽ നിന്ന് കിട്ടാവുന്ന ഏറ്റവും മികച്ച കാര്യമാണ്. ഇവിടുത്തെ മലയാളികളായ കുട്ടികളെ കുറഞ്ഞ ചെലവിൽ പഠിപ്പിക്കാനായി കേരള പബ്ലിക് സ്‌കൂൾ സ്ഥാപിക്കാൻ ഭരണകൂടത്തോട് അനുമതി ചോദിച്ചിട്ടുണ്ട്.ഇക്കാര്യത്തിൽ നല്ല പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. വിദ്യാഭ്യാസമന്ത്രിയുമായും ഇക്കാര്യം ചർച്ച ചെയ്തു. കിരീടാവകാശിയുമായുമുള്ള ചർച്ചയെ തുടർന്ന് അദ്ദേഹം ഇക്കാര്യത്തിൽ വിദ്യാഭ്യാസമന്ത്രിക്ക് നിർദേശം നൽകുകയായിരുന്നു.
കരിപ്പൂർ വിഷയത്തിൽ കേന്ദ്രവുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അവിടുത്തെ അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അവിടെ വലിയ വിമാന മിറക്കാൻ ചർച്ച നടക്കുകയാണ്. ഈ വർഷ അവസാനത്തോടെ അത് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. സീസൺ ടൈമിലെ ചാർജ് വർധന തടയാനായിട്ടില്ലെങ്കിലും കേരളത്തിന്റെ ഇടപെടലിന്റ ഫലമായി കേരളത്തിലേക്ക് വിമാന സർവീസുകൾ വർധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രധാന പ്രഖ്യാപനങ്ങൾ
1. എല്ലാ ഗൾഫ് രാജ്യങ്ങളിലും കേരള പബ്ലിക് സ്‌കൂളുകൾ, സാങ്കേതിക-ആർട്‌സ് കോളേജുകൾ
2. ഗൾഫ് തൊഴിൽ അന്വേഷകർക്കായി എൻആർകെ ജോബ് പോർട്ടൽ തുടങ്ങും. വിദ്യാഭ്യാസ യോഗ്യത, തൊഴിൽ വൈദഗ്ധ്യം എന്നിവ ഇതിൽ നൽകി ഉചിതമായ ജോലി കണ്ടെത്താം.
3. പ്രവാസികൾക്ക് സുരക്ഷിത നിക്ഷേപക സംരംഭത്തിന് പ്രവാസി നിക്ഷേപ ബോർഡ്. ഇതുവഴി കിഫ്ബി പോലുള്ള സംരഭങ്ങളിൽ സുരക്ഷിത നിക്ഷേപം ഉറപ്പുവരുത്തും.
4. മൃതദേഹം കൊണ്ടുപോകാനും അവശനിലയിലായവരെ നാട്ടിലത്തെിക്കാനും മുൻകയ്യെടുക്കുന്ന സംഘടനകൾക്കും സാമൂഹിക പ്രവർത്തകർക്കും ധനസഹായം പരിഗണിക്കും.
5. ജോലി നഷ്ടപ്പെട്ട് മടങ്ങുന്നവർക്ക് ആറുമാസമെങ്കിലും ധനസഹായം നൽകാനാകുമോ എന്ന കാര്യം.
6. തൊഴിൽ നഷ്ടപ്പെടുകയോ തൊഴിൽ ലഭിക്കാത്തവരോയായ പ്രവാസികളുടെ കുടുംബങ്ങളെ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടുത്തും
7. നോർക കാലോചിതമായി പരിഷ്‌കരിക്കും.
8. വിവിധ സംരംഭങ്ങൾ തുടങ്ങാനും വീടുവെക്കാനും ബാങ്കുകളുമായി യോജിച്ച് കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭ്യമാക്കൽ.
9. തിരിച്ചുവരുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് നാട്ടിൽ സ്‌കൂൾ പ്രവേശനം ഉറപ്പാക്കൽ
10. ഗൾഫിൽ തന്നെയുള്ള മലയാളി നിയമബിരുദ ധാരികളുടെ പാനലുണ്ടാക്കി ലീഗൽ എയ്ഡ് സെൽ രൂപീകരിച്ച് നിയമസഹായം ലഭ്യമാക്കൽ.
11. ഭാരിച്ച ചികിത്സാ ചെലവ് പ്രശ്‌നം പരിഹരിക്കാൻ എല്ലാ ഗൾഫ് രാജ്യങ്ങളിലും കേരള ക്ലിനിക്കുകൾ
12. റിക്രൂട്ട്‌മെന്റ് തട്ടിപ്പ് തടയുന്നതിനു പ്രത്യേക സംവിധാനങ്ങൾ.
13. മലയാളി പ്രവാസികൾക്കായി ഒരു പുനരധിവാസ പദ്ധതി രൂപപ്പെടുത്തും