Sorry, you need to enable JavaScript to visit this website.

പാണക്കാട് ഹൈദരലി തങ്ങൾക്ക് വീണ്ടും ഇ.ഡി നോട്ടീസ്; ആറിന് ഹാജരാകാൻ നിർദ്ദേശം

മലപ്പുറം- മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് വീണ്ടും എൻഫോഴ്‌സ്‌മെന്റ് നോട്ടീസ്. ഓഗസ്റ്റ് ആറിന് ഇ.ഡി മുമ്പാകെ ഹാജരാകാനാണ് നിർദേശം. കോഴിക്കോട് ചികിത്സയിൽ കഴിയുന്ന സ്ഥലത്തെത്തിയാണ് നോട്ടീസ് കൈമാറിയത്. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. 

നേരത്തെ എ.ആർ സഹകരണബാങ്കിലെ അനധികൃത നിക്ഷേപവുമായി ബന്ധപ്പെട്ട് ഹൈദരലി ശിഹാബ് തങ്ങൾക്കും ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.ടി. ജലീൽ രംഗത്തെത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിയുടെയും മകന്റെയും സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്ന് ആരോപിച്ച ജലീൽ, ഹൈദരലി ശിഹാബ് തങ്ങളോട് നേരിട്ട് ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നതായും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച് ഹൈദരലി ശിഹാബ് തങ്ങൾക്ക് ഇ.ഡി നോട്ടീസ് അയച്ചിരുന്നതായും കെ.ടി. ജലീൽ പറഞ്ഞു. ജൂലൈ 24ന് ഹാജരാകാനായിരുന്നു നോട്ടീസെന്നും പാണക്കാട് വീട്ടിൽ നേരിട്ടെത്തി ഇ.ഡി മൊഴിയെടുത്തുവെന്നുമാണ് ജലീൽ പറയുന്നത്. നോട്ടീസിന്റെ പകർപ്പ് ജലീൽ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.

ആദായനികുതി വകുപ്പ് രേഖകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്. ഈ നോട്ടീസിൽ ആദ്യ പേര് കുഞ്ഞാലിക്കുട്ടിയുടെ മകന്റേതാണെന്നും ജലീൽ പറഞ്ഞു.
 

Latest News