പാലക്കാട്- കടയ്ക്കു മുന്നില്‍ അഞ്ചു പേര്‍ കൂടി നിന്നതിന് പിഴ ഈടാക്കി പോലീസ്. കടയുടമയ്ക്ക് 2000 രൂപയാണ് പിഴ ചുമത്തിയത്. പട്രോളിങ്ങിന്റെ ഭാഗമായി എത്തിയപ്പോഴാണ് പോലീസ് കേസെടുത്ത് പിഴ ചുമത്തിയത്.തച്ചനാട്ടുകര പഞ്ചായത്തിലെ ചാമപ്പറമ്പില്‍ പലചരക്കുകട നടത്തുന്ന മാങ്കടക്കുഴിയന്‍ അബ്ബാസിനാണു പിഴയിട്ടത്. കടയ്ക്കു സമീപം അഞ്ച് പേര്‍ നിന്നതിനാണു കേസെടുത്തതെന്നും ഇതു താങ്ങാനാവുന്നതല്ലെന്നും അബ്ബാസ് പറഞ്ഞു. കടയ്ക്കു മുന്നില്‍ പ്രവേശനം തടയാന്‍ കയര്‍ കെട്ടി വേര്‍തിരിച്ചിട്ടുണ്ടെന്നും അതിന് പുറത്താണ് ആളുകള്‍ നിന്നതെന്നും അബ്ബാസ് പറഞ്ഞു. പിഴയുടെ രസീത് അബ്ബാസ് കടയുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണത്തില്‍ ഡി കാറ്റഗറിയിലായ കടയ്ക്കു മുന്നില്‍ അകലം പാലിക്കാതെ ഒത്തുകൂടിയതിനാണു പിഴ ഈടാക്കിയതെന്ന് പോലീസ് പറഞ്ഞു. സ്ഥാപനങ്ങള്‍ക്കു മുന്നിലെ ആള്‍ക്കൂട്ടത്തിന്റെ ഉത്തരവാദിത്തം ഉടമയ്ക്കാണെന്നും പോലീസ് അറിയിച്ചു.