Sorry, you need to enable JavaScript to visit this website.

മെട്രോയിലെ പ്രതിഷേധ യാത്ര; ഉമ്മന്‍ചാണ്ടി അടക്കം എല്ലാവരേയും വെറുതെവിട്ടു

കൊച്ചി- മെട്രോ ഉദ്ഘാടന ചടങ്ങില്‍ ക്ഷണിച്ചില്ലെന്ന് ആരോപിച്ച് ജനകീയ യാത്ര നടത്തിയ കേസില്‍  ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. നിയമവിരുദ്ധമായി കൂട്ടംചേര്‍ന്നെന്നും മെട്രോക്ക് നാശനഷ്ടം വരുത്തി എന്നുമായിരുന്നു കേസ്. മുപ്പതു പ്രതികളാണ്  ഉണ്ടായിരുന്നത്. കൊച്ചിയിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.

മെട്രോയിലെ ജനകീയ യാത്രയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ എടുത്തിരിക്കുന്ന കേസ് നിലനില്‍ക്കില്ലെന്നാണ് കൊച്ചിയിലെ പ്രത്യേക കോടതി കണ്ടെത്തിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും അടക്കമുള്ള അന്നത്തെ എം.എല്‍.എമാരും മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ്, യു.ഡി.എഫ് നേതാക്കളും പ്രതികളായിരുന്നു.
എം.എം. ഹസ്സന്‍, ആര്യാടന്‍ മുഹമ്മദ്, അന്‍വര്‍ സാദത്ത്, കെ. ബാബു, ഹൈബി ഈഡന്‍, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, പി.ടി. തോമസ്, ബെന്നി ബെഹനാന്‍, കെ.പി. ധനപാലന്‍, വി.കെ. ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ് തുടങ്ങിയവരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്.

കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ചില്ലെന്ന് ആരോപിച്ചായിരുന്നു, ഉദ്ഘാടനത്തിന്റെ അടുത്തദിവസം ജനകീയ മെട്രോ യാത്ര സംഘടിപ്പിച്ചത്. ആലുവയില്‍നിന്ന് പാലാരിവട്ടത്തേക്കായിരുന്നു ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ്, യു.ഡി.എഫ് നേതാക്കള്‍  യാത്ര നടത്തിയത്. നൂറുകണക്കിന് പ്രവര്‍ത്തകരോടൊപ്പമായിരുന്നു യാത്ര.

 

Latest News