തൃശൂർ - ശത്രുരാജ്യമായ ചൈനയ്ക്കുവേണ്ടി വീറോടെ വാദിക്കുന്ന സി.പി.എമ്മിനെതിരെ ജനാഭിപ്രായം രൂപീകരിച്ച് ജനശക്തിയുണ്ടാക്കാൻ കർമ്മ പദ്ധതി തയ്യാറാക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജേശഖരൻ പറഞ്ഞു. വികാസ് യാത്രയുടെ സമാപനത്തോടനുബന്ധിച്ച് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടിയേരി ബാലകൃഷ്ണൻ ചൈനയ്ക്കുവേണ്ടി വാദിക്കുന്നത് രാജ്യദ്രോഹ കുറ്റമാണ്. ഇത് തുറന്നു കാണിക്കാനാണ് ബി.ജെ.പി രംഗത്തിറങ്ങുന്നത്. ചൈനയ്ക്കുവേണ്ടി വാദിക്കുന്ന സി.പി.എം ഭാരതത്തിന്റെ കാര്യത്തിൽ വിദേശ രാജ്യങ്ങൾ ഇടപെടുന്നത് ശരിയല്ലെന്ന് പറയാത്തത് എന്താണെന്ന് കുമ്മനം ചോദിച്ചു. ലാവ്്‌ലിൻ കേസിൽ സി.ബി.ഐക്ക് ജാഗ്രത കുറവുണ്ടായിട്ടില്ല. ഇതിൽ യാതൊരു ഒത്തുകളിയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തോമസ് ചാണ്ടിയുടെ നിയമലംഘനം പകൽ പോലെ വ്യക്തമായിട്ടും അന്വേഷണം നടത്തിയില്ലെന്നതു പറയുന്നത് സംസ്ഥാന സർക്കാരിന്റെ ഒത്തുകളിയാണ്. തോമസ് ചാണ്ടിയെ രക്ഷപെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശന് വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്. വിമർശനങ്ങൾ ഉൾക്കൊള്ളും. ബി.ഡി.ജെ.എസുമായി ഒരഭിപ്രായ വ്യത്യാസവുമില്ല. പ്രവീൺ തൊഗാഡിയ വിഷയം ദേശീയ തലത്തിലായതിനാൽ ദേശീയ നേതാക്കൾ പ്രതികരിക്കും. അഭിപ്രായം പറയരുതെന്ന് ദേശീയ നേതൃത്വം വിലക്കിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സ്ഥാനം മാറുന്നതു സംബന്ധിച്ച് തൽക്കാലം തീരുമാനങ്ങളൊന്നുമില്ല. ഇന്ധന വില വർധന ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരമുണ്ടാക്കാൻ സംസ്ഥാന നികുതി കുറവു വരുത്താൻ തയ്യാറാകണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.
സി.പി.എം നേതാവും കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറുമായ ഡോ. ടി.കെ.വിജയരാഘവൻ അടക്കം നിരവധി പേർ ബി.ജെ.പിയിൽ ചേർന്നതായി കുമ്മനം രാജശേഖരൻ പറഞ്ഞു. യൂത്ത് കോൺഗ്രസിൽ നിന്നും കേരള കോൺഗ്രസ് പാർട്ടിയിൽ നിന്നുമായി നൂറോളം പേർ ജില്ലയിൽ ബി.ജെ.പിയിൽ ചേർന്നു. ഇവർക്ക് പാർട്ടി സ്വീകരണം നൽകി. ഇനിയും നിരവധി പ്രമുഖർ പാർട്ടിയിലേക്ക് വരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് കുമ്മനം രാജശേഖരൻ വ്യക്തമാക്കി.