Sorry, you need to enable JavaScript to visit this website.

സൗദിയിൽ പുതുതായി എത്തുന്ന ഹൗസ് ഡ്രൈവർമാരുടെ ശ്രദ്ധക്ക്;  ആദ്യ മൂന്നുമാസം നിർണായകം

റിയാദ് - സൗദിയിൽ പുതുതായി ജോലിക്ക് എത്തുന്ന ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാർഹിക തൊഴിലാളികളുടെ ശ്രദ്ധക്ക്. ആദ്യത്തെ മൂന്നു മാസം നിങ്ങൾക്ക് നിർണയാകമാണ്. പ്രൊബേഷൻ കാലത്ത് ജോലിയിൽ മികവ് കാണിക്കാത്തവരെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കൽ നിർബന്ധമാക്കി. പ്രൊബേഷൻ കാലം വിജയകരമായി പൂർത്തിയാക്കാത്ത ഗാർഹിക തൊഴിലാളികളെ റിക്രൂട്ട്‌മെന്റ് കമ്പനികളും ഓഫീസുകളും സ്വദേശങ്ങളിലേക്ക് തിരിച്ചയക്കൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് പ്രോഗ്രാം 'മുസാനിദ്' പ്രകാരം നിർബന്ധമാക്കുന്നു. ജോലി ചെയ്യുന്നതിന് വിസമ്മതിക്കുന്നവരെയും ആരോഗ്യ വ്യവസ്ഥകൾ പൂർണമല്ലാത്തവരെയും ഇങ്ങിനെ റിക്രൂട്ട്‌മെന്റ് കമ്പനികളും ഓഫീസുകളും സ്വന്തം ചെലവിൽ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കണം. ഇത്തരം തൊഴിലാളികൾക്കു പകരം അതേ വേതനത്തിന് ബദൽ തൊഴിലാളികളെ സ്വന്തം ചെലവിൽ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ റിക്രൂട്ട് ചെയ്ത് തൊഴിലുടമകൾക്ക് എത്തിച്ചുനൽകലും നിർബന്ധമാണ്. ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കരാറിൽ അനുശാസിക്കുന്ന നിശ്ചിത സമയത്തിനകം തന്നെ ബദൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചുനൽകുന്നതിന് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ ബാധ്യസ്ഥമാണ്. 
ഗാർഹിക തൊഴിലാളികളുടെ വേതനം നിശ്ചയിച്ച ശേഷം തൊഴിൽ കരാറുകൾ മുസാനിദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഗാർഹിക തൊഴിലാളികൾക്കും വേതന സുരക്ഷാ പദ്ധതി നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. പ്രീപെയ്ഡ് കാർഡുകൾ വഴി ഗാർഹിക തൊഴിലാളികൾക്ക് അക്കൗണ്ടുകളിലൂടെ വേതനം വിതരണം ചെയ്യുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. ഗാർഹിക തൊഴിലാളികൾക്ക് വേതനയിനത്തിലുള്ള പ്രീപെയ്ഡ് കാർഡുകൾ നൽകുന്നതിന് 2017 ഡിസംബർ ഒമ്പതു മുതൽ ആറു മാസത്തെ സാവകാശം തൊഴിലുടമകൾക്ക് അനുവദിച്ചിട്ടുണ്ട്. 
ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിസക്ക് അപേക്ഷ സമർപ്പിക്കുന്നവർ ഹാജരാക്കുന്ന വേതന സർട്ടിഫിക്കറ്റിൽ അപേക്ഷകന്റെ തിരിച്ചറിയൽ കാർഡ് നമ്പറും ജോലിയും വേതനവും ജോലിയിൽ പ്രവേശിച്ച തീയതിയും ഉൾപ്പെടുത്തിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. സൗദിയിൽ 20 ലക്ഷത്തിലേറെ ഗാർഹിക തൊഴിലാളികളാണുള്ളത്. ഇക്കൂട്ടത്തിൽ 62 ശതമാനം പേർ വനിതകളാണ്.
 

Latest News