തൃശൂര്‍ - കൊടകര കുഴല്‍പണകവര്‍ച്ചാക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്ര ഏജന്‍സികള്‍ക്ക് സംസ്ഥാന പോലീസ് കൈമാറി. ആദായ നികുതി വകുപ്പ് പ്രിവന്റീവ് വിഭാഗം, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവര്‍ക്കാണ് കൊടകര കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്.
കൊടകര കവര്‍ച്ച കേസിലെ കോടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടാണ് പ്രത്യേക അന്വേഷണസംഘം നല്‍കിയത്. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് നാല്‍പത് കോടിയോളം രൂപ കേരളത്തിലേക്ക് ഹവാല ഇടപാടു വഴി എത്തിയെന്നതടക്കമുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ഇത് ബി.ജെ.പിക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന വിശദമായ മൊഴികളും റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചത് പരിശോധിക്കണമെന്നും ബി.ജെ.പി തെരഞ്ഞെടുപ്പിനായി ചെലവഴിച്ചത് 41.4 കോടി രൂപയാണെന്നും ഇതുവഴി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിച്ചുവെന്നും പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടാണ് പോലീസ് കൈമാറിയത്.
കവര്‍ച്ച നടന്ന സംഭവത്തേക്കാള്‍ ഗൗരവം കോടികളുടെ പണം കേരളത്തിലേക്ക് എത്തി എന്നതിനാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
കവര്‍ച്ച കേസിലെ പ്രതികളില്‍ ഇരുപതിലധികം പേരെ പോലീസ് പിടികൂടിയതും നഷ്ടപ്പെട്ട പണത്തില്‍ നല്ലൊരു ഭാഗം കണ്ടെടുക്കാനായതും കേസിലെ പുരോഗതിയാണെന്നും എന്നാല്‍ കോടികള്‍ എത്തിയതിനെക്കുറിച്ചുള്ള അന്വേഷണം ഇനിയും മുന്നോട്ടുപോകാനുണ്ടെന്നും അതിന് കേന്ദ്ര ഏജന്‍സികളുടെ കൂടി അന്വേഷണവും സഹകരണവും ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നേരത്തെ ഇരിങ്ങാലക്കുട കോടതിയില്‍ പ്രത്യേക അന്വേഷണസംഘം സമര്‍പിച്ച റിപ്പോര്‍ട്ട് തന്നെയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് പോലീസ് നല്‍കിയിരിക്കുന്നത്. നാല്‍പത് കോടിയോളം രൂപ കേരളത്തിലെത്തിയെന്നും അതിലധികം എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പണമിടപാടില്‍ ബിജെപി നേതാക്കള്‍ക്കുള്ള പങ്ക് നേരത്തെ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലും പോലീസ് വ്യക്തമാക്കിയിരുന്നു. ഇതെല്ലാം കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിട്ടുണ്ട്.
പണമെത്തിയിന്റെ സ്രോതസ് സംബന്ധിച്ച സൂചനകളുണ്ടെങ്കിലും അതെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ വിശദമായി അന്വേഷിക്കണമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ണാടകയില്‍ നിന്നാണ് പണമെത്തിയതെന്ന വിവരവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ചോദ്യം ചെയ്തതിന്റെ മൊഴിയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൊടകര കേസില്‍ ബിജെപി നേതാക്കളെ ആരേയും പ്രതി സ്ഥാനത്ത് ഉള്‍പ്പെടുത്താതെ ഇരിങ്ങാലക്കുട കോടതിയില്‍ കുറ്റപത്രം സമര്‍പിച്ച പ്രത്യേക അന്വേഷണസംഘം ഇപ്പോള്‍ തെരഞ്ഞെടുപ്പു കമ്മീഷനടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്.
കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സികള്‍ കേന്ദ്രംഭരിക്കുന്ന പാര്‍ട്ടിക്കെതിരെ ഏതു തരത്തില്‍ അന്വേഷണം നടത്തുമെന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കേരളത്തിലെ ബിജെപി നേതൃത്വം ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്.