റിയാദ് - കഴിഞ്ഞ വർഷം 5,113 ഗാർഹിക തൊഴിലാളികൾ ജോലി സ്ഥലങ്ങളിൽനിന്ന് ഒളിച്ചോടിയതായി കണക്ക്. 2019 ൽ 6,117 വീട്ടുവേലക്കാർ ഒളിച്ചോടിയിരുന്നു. ഈ വർഷം ആദ്യ നാലുമാസക്കാലത്ത് 1,191 ഗാർഹിക തൊഴിലാളികൾ ഒളിച്ചോടിയിട്ടുണ്ട്.
മാൻപവർ സപ്ലൈ കമ്പനികളെപ്പോലെ സ്വന്തം സ്‌പോൺസർഷിപ്പിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തു കൊണ്ടുവന്ന് ആവശ്യക്കാർക്ക് താൽക്കാലിക കരാർ അടിസ്ഥാനത്തിൽ വേലക്കാരെ കൈമാറുന്ന റിക്രൂട്ട്‌മെന്റ് കമ്പനികൾക്കു കീഴിലെ വീട്ടുവേലക്കാരിൽ 15 മുതൽ 20 ശതമാനം വരെ പേർ ജോലി സ്ഥലങ്ങളിൽനിന്ന് ഒളിച്ചോടുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. റിക്രൂട്ട്‌മെന്റ് കമ്പനി ഏകോപന സമിതിക്കു കീഴിലെ 15 റിക്രൂട്ട്‌മെന്റ് കമ്പനികൾക്കു കീഴിലെ തൊഴിലാളികളിൽ ഏറ്റവും കൂടുതൽ പേർ ഒളിച്ചോടിയത് ഇന്തോനേഷ്യക്കാരാണ്.
ഒളിച്ചോടിയ തൊഴിലാളികളിൽ 59 ശതമാനവും ഇന്തോനേഷ്യക്കാരാണ്. രണ്ടാം സ്ഥാനത്ത് ഉഗാണ്ടക്കാരാണ്. 15 ശതമാനം. ഒളിച്ചോടിയവരിൽ 12.5 ശതമാനം കെനിയക്കാരും എട്ടു ശതമാനം ഫിലിപ്പിനോകളും 1.8 ശതമാനം എത്യോപ്യക്കാരും 1.8 ശതമാനം ഗിനിയക്കാരും 1.6 ശതമാനം ബംഗ്ലാദേശുകാരുമാണ്. ഒളിച്ചോട്ടം ഏറ്റവും കുറവ് നൈജീരിയക്കാർക്കിടയിലാണ്. ആകെ ഒളിച്ചോടിയ ഗാർഹിക തൊഴിലാളികളിൽ നൈജീരിയക്കാർ 0.25 ശതമാനം മാത്രമാണ്.
ഒളിച്ചോടുന്ന ഗാർഹിക തൊഴിലാളികളെ നിലവിൽ ഓൺലൈൻ വഴി ഹുറൂബാക്കാൻ സാധിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിർ വഴി ഗാർഹിക തൊഴിലാളികളുടെ ഹുറൂബ് റദ്ദാക്കാൻ കഴിയില്ല. ഗാർഹിക തൊഴിലാളികൾ ഒളിച്ചോടിയതായി പരാതി നൽകുന്നവർ ഹുറൂബ് റദ്ദാക്കാൻ ആഗ്രഹിക്കുന്ന പക്ഷം തൊഴിലാളികളെ ഹുറൂബാക്കി 15 ദിവസത്തിനകം ജവാസാത്ത് ഡയറക്ടറേറ്റിനു കീഴിലെ വിദേശി വകുപ്പിനെ നേരിട്ട് സമീപിച്ച് നടപടികൾ സ്വീകരിക്കണം. 15 ദിവസം പിന്നിട്ട ശേഷം ഒരു കാരണവശാലും ഹുറൂബ് റദ്ദാക്കാൻ കഴിയില്ല. ഇത്തരം സാഹചര്യങ്ങളിൽ തൊഴിലാളികളെ ജവാസാത്തിന്റെ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി പിടികൂടി സൗദിയിൽനിന്ന് നാടുകടത്തുകയും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്യും.
തൊഴിലിടങ്ങളിൽനിന്ന് ഒളിച്ചോടുന്നതിനാൽ സ്‌പോൺസർമാർ ഹുറൂബാക്കുന്ന തൊഴിലാളികൾ പിടിയിലായാൽ സ്വദേശങ്ങളിലേക്ക് നാടുകടത്തുന്നതിനു മുന്നോടിയായി ഫൈനൽ എക്‌സിറ്റ് നൽകുന്നതിന് തൊഴിലാളികളുടെ പേരിലുള്ള ഹുറൂബ് റദ്ദാക്കും. ഇങ്ങിനെ ഹുറൂബ് നീക്കം ചെയ്യുന്ന കാര്യം സ്‌പോൺസർമാരെ അറിയിക്കില്ല.
ഭാവിയിൽ പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്ന് വിലക്കേർപ്പെടുത്തുന്നതിന് ഇത്തരക്കാരുടെ വിരലടയാളം രജിസ്റ്റർ ചെയ്ത് കരിമ്പട്ടികയിൽ പെടുത്തും. സാമ്പത്തിക ബാധ്യതകളും മറ്റും തേടി സ്‌പോൺസർമാർ കേസ് നൽകാത്ത സാഹചര്യങ്ങളിലാണ് ഒളിച്ചോടുന്നവരെ പിടികൂടി കഫീലുമാരെ അറിയിക്കാതെ ഹുറൂബ് റദ്ദാക്കി നാടുകടത്തുക.
ഒൡച്ചോടുന്നവർക്കെതിരെ സ്‌പോൺസർമാർ കേസുകൾ നൽകുന്ന പക്ഷം അത്തരക്കാരെ ഈ രീതിയിൽ നാടുകടത്തില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.