കൊച്ചി- കുമ്പളങ്ങി പനമ്പുകാട് ചാലില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ പോലീസ് പിടിയിലായി. കുമ്പളങ്ങി പുത്തന്‍ കരി വീട്ടില്‍ സെല്‍വന്‍ (53), കുമ്പളങ്ങി സ്വദേശിനി ഒന്നാം പ്രതി തറേപറമ്പില്‍ ബിജുവിന്റെ ഭാര്യ മാളു എന്ന് വിളിക്കുന്ന രാഖി (22) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മാസം ഒമ്പതിന് കുമ്പളങ്ങിയില്‍ നിന്ന് കാണാതായ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ കുമ്പളങ്ങി പഴങ്ങാട് പടിക്കല്‍ വീട്ടില്‍ ആന്റണി ലാസറിനെ(39) കൊലപ്പെടുത്തിയ കേസിലാണ് പ്രതികള്‍ പിടിയിലായത്. ലാസറിനെ കാണാനില്ലെന്ന് കാട്ടി സഹോദരന്‍ ഷോളി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വരവെയാണ് കഴിഞ്ഞ 31ന് ബിജുവിന്റെ വീടിനടുത്തുള്ള പാടവരമ്പത്ത് നിന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒന്നാം പ്രതി ബിജുവിനെ ലാസറും സഹോദരനും ചേര്‍ന്ന് നാല് വര്‍ഷം മുമ്പ് മര്‍ദിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. ഇവര്‍ തമ്മിലുള്ള വഴക്ക് പറഞ്ഞ് തീര്‍ക്കാനെന്ന വ്യാജേന കഴിഞ്ഞ ഒമ്പതിന് ബിജു ലാസറിനെ വീട്ടിലെത്തിക്കുകയും മദ്യപിച്ച ശേഷം ബിജുവും മറ്റ് രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം വീടിന് സമീപത്തെ പാടവരമ്പത്ത് കുഴിച്ച് മൂടുകയായിരുന്നു. മര്‍ദനത്തിനും കുഴിച്ച് മൂടുന്നതിനും സൗകര്യം ഒരുക്കി നല്‍കിയതിനാണ് രാഖിയെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
ലാസറിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ ഷോളി നല്‍കിയ പരാതിയില്‍ രണ്ട് പേരെ സംബന്ധിച്ച് സംശയം ഉന്നയിച്ചിരുന്നു. ഇവരെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിന്നാലെ ഒളിവില്‍ പോയിരുന്നു. കാണാതായതിന് ശേഷവും ലാസറിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കുമ്പളങ്ങി തന്നെയായിരുന്നു. ലൊക്കേഷന്‍ പ്രകാരം പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പ്രകാരം ലാസര്‍ കുമ്പളങ്ങിയില്‍ തന്നെയുണ്ടാകുമെന്ന നിഗമനത്തിലായിരുന്നു പോലീസ്. ഇതിനിടയില്‍ പോലീസ് നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ചതുപ്പില്‍ കുഴിച്ചിട്ട മൃതദേഹം വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് ചാലില്‍ ഒഴുകിയെത്തിയതാകാമെന്നാണ് പോലീസ് കരുതുന്നത്.
ഡി സി പി ഐശ്വര്യ ഡോങ്ക്രേയുടെ നിര്‍ദേശ പ്രകാരം മട്ടാഞ്ചേരി അസി. കമ്മീഷണര്‍ ജി ഡി വിജയകുമാര്‍, പള്ളുരുത്തി പോലീസ് ഇന്‍സ്പെക്ടര്‍ അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.