കാരണമറിയാത്ത, വിധികർത്താവിന്റെ മുഖം നേരിൽ കാണാത്ത, ദുരൂഹമായ ഒരു വിചാരണയുടെ പരിഭ്രാന്തി ചിത്രീകരിക്കുന്നു ഫ്രാൻസ് കാഫ്കയുടെ ട്രയൽ എന്ന നോവൽ. ജോസഫ്. കെ എന്ന അതിലെ മുഖ്യ കഥാപാത്രത്തിന്റെ മനോഗതം പതിറ്റാണ്ടുകളായി അപഗ്രഥിച്ചുപോരുന്നു. അത്രയൊന്നും വേദാർഥ വിചാരത്തിനോ മന-ഃസാസ്ത്ര വിശകലനത്തിനോ നമ്മുടെ നിയമസഭയുടെ വികാര വികൃതികൾ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. അത്ഭുതമില്ല, എത്രയെത്ര വിഷയങ്ങൾ കിടക്കുന്നു സഭക്ക് പന്താടി രസിക്കാൻ!
ഒരർഥത്തിൽ കാഫ്കയുടെ വിചാരണയും സമകാലീന വിചാരണയും ബന്ധപ്പെടുത്തിക്കാണാം. ഒന്നിനൊന്നു വിപരീതമല്ല ആ നിയമ വ്യായാമങ്ങൾ എന്നു വാദിക്കാം. കാരണമോ കാര്യമോ ഇല്ലാത്ത വിചാരണക്ക് വിധേയനാവുകയാണ് നോവൽ കഥാപാത്രമെങ്കിൽ, വിചാരണയേ വേണ്ടാത്ത കുറ്റത്തിൽ കുടുങ്ങിയിരിക്കുകയാണ് വി. ശിവൻ കുട്ടിയും വേറെ നാലു പേരും. നാല് ഒരു നിയത സംഖ്യയല്ല. കൂടുതൽ പേരെ കുറ്റവാളികളായി ചേർക്കാവുന്നതേയുള്ളൂ.
ആദിമധ്യാന്തപ്പൊരുത്തം ദീക്ഷിച്ചുകൊണ്ട് കാര്യവിചാരം ചെയ്യുന്നവർക്കു വേണ്ടി തുടക്കം മുതൽ ചില കാര്യങ്ങൾ പറഞ്ഞുപോകാം. ആദിയിൽ വചനമുണ്ടായതു പോലെ വിഷയം നമുക്ക് പരിചിതം തന്നെ. അഴിമതി, കൈക്കൂലി, അങ്ങനെ അങ്ങനെ. മദ്യവും മറ്റും വ്യാപാരം ചെയ്യുന്ന ഒരാൾ ഒരു ദിവസം ആരോപിക്കുന്നു, ബാർ അനുവദിക്കാൻ ധനമന്ത്രി കെ എം മാണി പണം പിടുങ്ങിയിട്ടുണ്ട്. രംഗം പിന്നെ കോടതിയിലേക്കു മാറുന്നു. ഷേയ്ക്‌സ്പിയറിനെപ്പറ്റി കേട്ടറിവുള്ള ന്യായാധിപൻ ജൂലിയസ് സീസറെ ഉദ്ധരിച്ചുകൊണ്ട് വിധിക്കുന്നു, സീസറുടെ ഭാര്യ സംശയത്തിനതീതയായിരിക്കണം.
ഇടയ്ക്കു പറയട്ടെ, സീസറല്ല ഇവിടെ ആരോപണ വിധേയൻ. സീസറുടെ ഭാര്യയാണ് നോട്ടപ്പുള്ളി. നാടകം വായിച്ചിട്ടുള്ളവർക്കറിയാം, അവരും കുറ്റക്കാരിയല്ല. സ്ത്രീകളുടെ മേളയിൽ പെൺവേഷം അണിഞ്ഞെത്തിയ ഒരു വിടൻ സീസറുടെ ഭാര്യയെ വർത്തമാനത്തിൽ വീഴ്ത്തുകയായിരുന്നു. അവർ വിടനെ തള്ളിമാറ്റാൻ നോക്കുന്നുണ്ടെങ്കിലും അയാൾ പിടി വിടാതെ അവരെ ശല്യപ്പെടുത്തുന്നു. അവരുടേത് അപഥസഞ്ചാരമാണെന്നു നിശ്ചയിച്ച് സീസർ പറയുന്ന വാക്കുകളായിരുന്നു നമ്മുടെ ന്യായാധിപന്റെ പരാമർശം.
ശരിയോ തെറ്റോ ചികഞ്ഞെടുക്കാൻ പറ്റിയ പരുവത്തിലായിരുന്നില്ല അന്ന് പല രാഷ്ട്രീയക്കാരും. 'അർഥവും സംബന്ധവും അറ്റതാം ഏറെ തുണ്ടുവാർത്തകളുടെ നിരന്തരമാം ചിലക്കലാൽ ഉൾക്കളം മത്സ്യച്ചന്തയാക്കുന്ന്' പത്രങ്ങളുടെ കഥാസരിത്സാഗരത്തിന്റെ പിന്തുണയോടെ ചിലർ മാണി നിരുപാധികം ശിക്ഷിക്കപ്പെടണമെന്നു വാദിച്ചു. മറ്റു ചിലരാകട്ടെ, സീസറുടെ ഭാര്യ വെട്ടിൽ വീഴുന്നതിനു മുമ്പും പിമ്പും മാണി സംശുദ്ധ രാഷ്ട്രീയത്തിന്റെ മാതൃകയാണെന്ന് സത്യവാചകം ചൊല്ലി. എല്ലാരും ചൊല്ലണതല്ലേ, എന്തെങ്കിലും കാണാതിരിക്കില്ലെന്നു വിശ്വസിച്ചു, പൊതുജനം. ഏതായാലും വീഴാറായ വാഴയിലയിൽ കാക്ക പറന്നിരുന്നതുപോലെ, എന്തിന്റെയെല്ലാമോ അഷ്ടഗ്രഹ സംയോഗത്തിൽ മാണി ഉദ്യോഗം ഒഴിഞ്ഞു.
അത്രയും അങ്കം ഒന്ന്. അടുത്തത് അങ്കം അങ്കം വെട്ടു തന്നെയായിരുന്നു. നിയമസഭയുടെ നിലപാടു തറയിൽ ചോര കനക്കുന്നതു കാണാൻ കാത്തിരിക്കുകയായിരുന്നു മാർക്‌സിസ്റ്റ് നിയന്ത്രിത പ്രതിപക്ഷം. വിശദമായി ആരോപണം പഠിച്ചിരിക്കുമെന്നു കരുതേണ്ട വേറൊരു ന്യായാധിപൻ മാണിക്ക് മുന്നേറാൻ പച്ചക്കൊടി കാട്ടി. അദ്ദേഹം അതാ വീണ്ടും സംസ്ഥാനത്തിന്റെ വരവുചെലവ് നോക്കേണ്ട മന്ത്രിയായി അവരോധിക്കപ്പെടുന്നു. ആ കണക്കും കൊണ്ടുവരാൻ മാണിയെ വിടില്ല എന്ന നിലപാടുമായി പ്രതിപക്ഷം മുരണ്ടു. സൂര്യൻ കിഴക്കുദിക്കുന്ന പതിവ് തെറ്റിച്ചില്ലെങ്കിൽ മാണി ബജറ്റ് അവതരിപ്പിക്കുമെന്ന വാശിയോടെ എവിടെയായാലും മാണിയെ തടയുമെന്ന ധാർഷ്ട്യത്തോടെ പ്രതിപക്ഷവും കച്ച മുറുക്കി.
എന്തിന്റെ പേരിലായിരുന്നു അങ്കം? അങ്കത്തിന്റെ ഉദ്ദേശ്യത്തെപ്പറ്റി 'ഒരു വടക്കൻ വീരഗാഥ'യിൽ അരിങ്ങോടർ പറയുന്ന ഒരു വാക്യം ഓർക്കുക. രണ്ടു നാടുവാഴികൾ തമ്മിൽ മൂപ്പിളമ തർക്കം തീർക്കാൻ ഇരുവശത്തും എത്ര തല പോയി? ധനകാര്യ മന്ത്രിയെക്കൊണ്ട് ബജറ്റ് അവതരിപ്പിച്ച് സർക്കാരിന്റെ അധികാരവും അവകാശവും ഉറപ്പിക്കൻ ഒരു വശവും എന്തു വന്നാലും അതു സമ്മതിക്കില്ലെന്നു കാട്ടി പ്രതിപക്ഷത്തിന്റെ വീറും മാനവും നിലനിർത്താൻ മറുവശവും ഗോദയിലിറങ്ങുന്നു. ആര് എന്തു നേടി?
ആ കണക്കു തീർക്കാൻ ഇനിയും കാലമെടുക്കും. അതിനിടെ ജനത്തിന്റെ അവകാശം സംരക്ഷിക്കുകയും അവർക്ക് വഴി കാട്ടുകയും ചെയ്യേണ്ട, ഭരണാധികാരികളായി ഉയരേണ്ട ആളുകൾ കാട്ടിയ കോപ്രായങ്ങൾ ഓർത്തുനോക്കുക. ധനമന്ത്രിയെക്കൊണ്ട് ബജറ്റ് അവതരിപ്പിച്ചേ അടങ്ങൂ എന്ന് സർക്കാർ ശഠിച്ചാൽ തെറ്റില്ല. ഭരിക്കുമെന്നു തെളിയിക്കാൻ കഴിയില്ലെങ്കിൽ ഭരിക്കാൻ കയറണോ? അത്ര ലളിതമല്ല കാര്യമല്ലെങ്കിലും ഈ ഘട്ടത്തിൽ ഇവിടം കൊണ്ടു നിർത്താം. ധനമന്ത്രിയെ സഭയിലെത്തിച്ച് കൃത്യം നിർവഹിക്കാൻ നിയമപാലന ശക്തികളെ ഒരുക്കി നിർത്തുന്നതിൽ തെറ്റു കാണുക വയ്യല്ലോ.
ജനത്തിന്റെ ശബ്ദം ഉയർത്തുകയാണെന്ന കള്ളക്കൂവലിൽ എന്തൊക്കെ ചെയ്തു കൂട്ടി? പ്ലക്കാഡുമായി മുദ്രാവാക്യം വിളിക്കുക, നടുത്തളത്തിൽ ഇരിക്കുക, അധ്യക്ഷവേദിക്കു താഴെ വരെ എത്തുക.. ഇതൊക്കെ പ്രതിഷേധത്തിന്റെ വേഷമായി എന്നേ അംഗീകരിക്കപ്പെട്ടിരിക്കുന്നു. പഴയ വഴക്കത്തിൽ ഇതൊന്നും അനുവദനീയമല്ല.
ചോദ്യോത്തരമായും അടിയന്തര പ്രമേയമായും ശ്രദ്ധ ക്ഷണിക്കൽ ആയും പ്രശ്‌നവും പ്രതിഷേധവും പ്രകടിപ്പിക്കാം. അതുകൊണ്ട് അടങ്ങിയില്ലെങ്കിൽ, ഇറങ്ങിപ്പോകാം. പോകുമ്പോൾ ഒന്നോ രണ്ടോ മുദ്രാവാക്യം കൂടി മുഷ്ടി ചുരുട്ടി വിളിച്ചു പറയാം. ഇറങ്ങിപ്പോയി മൂന്നോ നാലോ മിനിറ്റിനുള്ളിൽ തിരിച്ചുവന്ന് സഭാനടപടികളിൽ പങ്കു കൊള്ളാം. പുതിയ ജനാധിപത്യ ക്രമത്തിൽ ചേർന്നതല്ല ഇതൊന്നും.
ധനമന്ത്രിയെ തടയാനുള്ള വ്യഗ്രതയിൽ സ്പീക്കറുടെ കസേരക്കു നേരെയായി അക്രമം. തഞ്ചം നോക്കി ഒഴിഞ്ഞിരുന്ന സ്പീക്കർക്ക് അടി വീണില്ല. കസേര വേദിയിൽനിന്നു തള്ളി താഴെയിടുന്നതായിരുന്നു ഒരാളുടെ അഭ്യാസം. സ്പീക്കറുടെ കംപ്യൂട്ടർ കണ്ടപ്പോൾ കാളപ്പോരിന്റെ നാട്ടിൽ ചുവപ്പു കണ്ട കാളകളെപ്പോലെയായി മറ്റു ചിലർ.
വേദി നിയമസഭയും സന്ദർഭം അതിന്റെ സമ്മേളനവും അല്ലായിരുന്നെങ്കിൽ അന്ന് പ്രതിപക്ഷം കാണിച്ച കൊള്ളരുതായ്മകൾ ഓരോന്നും തക്കതായ ശിക്ഷ വാങ്ങിക്കാൻ പോന്നതായിരുന്നു. ദേഹോപദ്രവം ഏൽപിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും നിയമപാലകരെ കൃത്യനിർവഹണത്തിൽ തടഞ്ഞതിനുമെല്ലാം എണ്ണം പറഞ്ഞ് ശിക്ഷ ആവശ്യപ്പെടാം. അഭിഭാഷകന്റെ യുക്തിയും ഭാവനയും അനുസരിച്ച് ഓരോരോ വകുപ്പുകൾ കേസിൽ എഴുതിപ്പിടിപ്പിക്കാം. ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നു വിശേഷിപ്പിക്കപ്പെടുന്ന നിയമസഭ ആയിപ്പോയില്ലേ, അതുകൊണ്ട് കേസും കൂട്ടവും ആകുന്നില്ലെന്നേയുള്ളൂ. ഒരു ദിവസം ബഹളം, രണ്ടു ദിവസം പ്രതിഷേധം, പിന്നെ അടുത്ത അധ്യായമായി സഭാചരിത്രത്തിൽ. ഇത്തവണ അതു പിഴച്ചു.
എട്ടൊമ്പതു കൊല്ലം പഴക്കമുള്ളതാണ് ഇപ്പോൾ സുപ്രീം കോടതിയിൽ എത്തിയ കേസ്. ധനമന്ത്രിയെ തടയുന്ന കൂട്ടത്തിൽ പ്രതിപക്ഷം കാട്ടിക്കൂട്ടിയ വികൃതികൾ ശിക്ഷാർഹമാണെന്ന് സ്ഥാപിക്കാൻ ശ്രമം തുടങ്ങിയപ്പോൾ കേസ് ഈ വഴിക്ക് തിരിയുമെന്ന് ആരും കരുതിക്കാണില്ല.
ഇനി പോകാൻ കോടതിയില്ല. വിചാരണയും ശിക്ഷയുമാണ് അടുത്ത പടി. വാസ്തവത്തിൽ വിചാരണക്കു പോലും നിൽക്കേണ്ട. വാദിക്കാനും എതിർക്കാനും വിഷയമായ കൈയാങ്കളി എങ്ങനെ നടന്നുവെന്നോ എന്തിനു നടത്തിയെന്നോ ഗീർവാണം വിളമ്പാൻ ഇതല്ല സന്ദർഭം. നിയമത്തിന്റെ നര കേറിയ ഇഴ പിരിച്ച് അതു ലംഘിച്ചവരെ ന്യായീകരിക്കാനും ചിലർ ശ്രമിച്ചേക്കാം. പക്ഷേ അവർ ചെയ്തതെന്തെന്ന് അവർക്കും സഭയിലെ ചവിട്ടു നാടകത്തിന്റെ വീഡിയോ കണ്ടവർക്കും നന്നായറിയാം. ശിക്ഷ എന്താകുമെന്നേ നോക്കേണ്ടൂ.