ടോക്കിയോ- ലോക സൗഹൃദ ദിനത്തില്‍ ഒളിംപിക് സ്വര്‍ണ മെഡല്‍ പങ്കിട്ടെടുത്ത് അത്യപൂര്‍വ സൗഹൃദവും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റും തെളിയിച്ച ഖത്തര്‍ ഹൈജംപ് താരം മുതാസ് ഈസ ബര്‍ഷിമിനു മുന്നില്‍ ലോകം നമിച്ചു. പുരുഷ ഹൈജംപില്‍ ബര്‍ഷിമും കൂടെ മത്സരിച്ച ഇറ്റലിയുടെ ജിയാന്‍മാര്‍ക്കോ ടാംബേരിയും 2.37 മീറ്റര്‍ ഉയരമാണ് ചാടിയത്. മൂന്ന് തവണ ശ്രമിച്ചെങ്കിലും 2.39 എന്ന ഉയരം കീഴടക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. തുടര്‍ന്ന് ടൈ ഒഴിവാക്കാന്‍ ഓഫ് ജംപ് ചാടാം എന്ന് ഒളിംപിക് ഒഫീഷ്യൽ നിർദേശിച്ചപ്പോൾ പകരം സ്വര്‍ണം രണ്ടു പേര്‍ക്ക് പങ്കിട്ടെടുത്തു കൂടെ എന്ന് ബര്‍ഷിം തിരിച്ചു ചോദിച്ചു. പങ്കിട്ടെടുക്കാമെന്ന് മറുപടിയും ലഭിച്ചു. ഇതോടെ ബര്‍ഷിമും ടാംബേരിയും പരസ്പരം ഒറ്റ നോട്ടത്തിലൂടെ മെഡല്‍ പങ്കിട്ടെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. കൈവിട്ടു പോയെന്നു കരുതിയ സ്വപ്‌ന നേട്ടം സ്വന്തമായി എന്നറിഞ്ഞ ടാംബേരി ഓടിവന്ന് ബര്‍ഷിമിനെ കെട്ടിപ്പിടിച്ചതോടെ ഈ സൗഹൃദത്തിന്റെ കഥ ലോകം ഏറ്റെടുത്തു. ഈ ആലിംഗന വിഡിയോ നിമിഷങ്ങൾക്കകമാണ് ലോകമൊട്ടാകെ സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
ഒളിംപിക്‌സ് ചരിത്രത്തില്‍ നൂറ്റാണ്ട് പഴക്കമുള്ള ഒരു സ്വര്‍ണക്കഥ ഇരുവരും ചേര്‍ന്ന് തങ്കലിപികളാല്‍ തിരുത്തിയെഴുതുകയായിരുന്നു. 1912ല്‍ സ്‌റ്റോക്കോം ഒളിംപിക്‌സിലാണ് ഇതിനു മുമ്പ് മറ്റൊരു സ്വര്‍ണം പങ്കിടല്‍ നടന്നിട്ടുള്ളത്. 109 വര്‍ഷത്തിനു ശേഷമാണ് ലോക കായിക മാമാങ്കത്തില്‍ മറ്റൊരു സ്വര്‍ണം പങ്കിടല്‍ സംഭവിച്ചിരിക്കുന്നത്. ഈ സ്വര്‍ണക്കഥ ലോകമൊട്ടാകെ സമൂഹ മാധ്യമങ്ങളും ഏറ്റെടുത്തു. സൗഹൃദ ദിനത്തില്‍ പറയാന്‍ ഇതിലും മികച്ചൊരു പങ്കിടലിന്റെ കഥയില്ലെന്ന് ലോകമൊട്ടാകെ കായിക പ്രേമികള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.
Wow…! The extraordinary, emotional moment Qatar’s Mutaz Essa Barshim and Italy’s Gianmarco Tamberi agree to share the high jump gold medal #Tokyo2020 #OlympicGames pic.twitter.com/8EsYRWxosf
— Shayne Currie (@ShayneCurrieNZH) August 1, 2021