ന്യൂദല്‍ഹി- കൊറോണ വൈറസിന്റെ പുതിയ വകഭേദം കേരളത്തില്‍ ഇല്ലെന്ന് സിഎസ്‌ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജി നടത്തിയ പഠനം. കോവിഡ് വ്യാപനം ഉയര്‍ന്ന തോതില്‍ തന്നെ തുടരുമ്പോഴും പുതിയ വൈറസ് വകഭേദങ്ങള്‍ കേരളത്തില്‍ കണ്ടെത്താനായിട്ടില്ല. 14 ജില്ലകളില്‍ നിന്നായി 835 സാംപിളുകളാണ് ഈ പഠനത്തിന്റെ ഭാഗമായി പരിശോധിച്ചത്. ഇവയില്‍ 753 കേസുകളും ഡെല്‍റ്റ വകഭേദമാണ്. ബാക്കിയുള്ളവ നേരത്തെ കണ്ടെത്തിയ വകഭേദങ്ങളും. കേരളത്തില്‍ കോവിഡ് വ്യാപനം ഉയര്‍ന്നു തന്നെ നില്‍ക്കുന്നത് പുതിയ വൈറസ് വകഭേദമാകാം കാരണമെന്ന് വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പുതിയ പഠന റിപോര്‍ട്ട് ആശ്വാസം പകരുന്നതാണ്.
കേരളത്തിലെ 12 മെഡിക്കല്‍ കോളെജുകള്‍, പബ്ലിക് ഹെല്‍ത്ത് ലാബുകള്‍, ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്, കാസര്‍കോട് കേന്ദ്ര സര്‍വകലാശാല, 14 ജില്ലാ സര്‍വൈലന്‍സ് യൂനിറ്റുകള്‍ എന്നിവയുമായി ചേര്‍ന്നാണ് സിഎസ്ആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജി പഠനം നടത്തിയത്.