റിയാദ് - ജോർദാനിലും യെമനിലും മെഡിക്കൽ സഹായവുമായി കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ രംഗത്ത്. ജോർദാനിലെ സിറിയൻ അഭയാർഥി ക്യാമ്പിലെ 628 രോഗികൾക്ക് സഹായമെത്തിച്ചതായി എസ്.പി.എ റിപ്പോർട്ട് ചെയ്തു. വിവിധ അസുഖങ്ങളുമായി പ്രയാസപ്പെടുന്നവർക്കാണ് കിംഗ് സൽമാൻ റിലീഫ് സെന്റർ സഹായമെത്തിച്ചത്. ജൂലൈ എട്ട് മുതൽ 16 വരെ യെമനിലെ അൽജാദ ഹെൽത്ത് സെന്റർ ഔട്ട്‌ലറ്റുകളിലും സെന്റർ സഹായമെത്തിച്ചു. 1,677 പേർക്ക് സൗദിയുടെ സഹായം പ്രയോജനപ്പെട്ടു. ഇതിൽ 489 പേർ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു.
പ്രളയത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന യെമനിലെ അൽജൗഫ് ഗവർണറേറ്റിൽ കിംഗ് സൽമാൻ റിലീഫ് സെന്റർ അഭയ കേന്ദ്രങ്ങളും ഒരുക്കി. 220 ടെന്റുകളാണ് ഇവിടെ നിർമിച്ചത്. 880 ബ്ലാങ്കറ്റുകളും വിതരണം ചെയ്തു. ഭവന രഹിതരായ 1320 പേർക്ക് സെന്ററിന്റെ സഹായം വലിയ ആശ്വാസമായി. 3.8 ബില്യൺ ഡോളർ ചെലവ് വരുന്ന 606 ജീവകാരുണ്യ പദ്ധതികളാണ് യെമനിൽ കിംഗ് സൽമാൻ റിലീഫ് സെന്റർ നടപ്പാക്കുന്നത്.
സെന്ററിന്റെ സഹായം ലഭ്യമാകുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് യെമൻ. ഭക്ഷ്യ സുരക്ഷ, കുടിവെള്ള വിതരണം, ആരോഗ്യ, വിദ്യാഭ്യാസ സഹായം എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. 2015 മുതൽ 69 രാജ്യങ്ങളിലായി 1,686 പദ്ധതികളാണ് കിംഗ് സൽമാൻ റിലീഫ് സെന്റർ പൂർത്തിയാക്കിയത്. 5.33 ബില്യൺ ഡോളർ ഇതിനായി ചെലവഴിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഷ്ടതയനുഭവിക്കുന്ന ലക്ഷക്കണക്കിന് പേരെ ദുരിതങ്ങൾക്ക് അറുതി വരുത്തുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും കാണിക്കുന്ന താൽപര്യമാണ് ഇത്തരം ജീവക്ഷേമ പ്രവർത്തനങ്ങളിലൂടെ പ്രതിഫലിക്കുന്നത്.