മക്ക- ഈ ഉംറ സീസണിൽ വനിതാ തീർഥാടകരെ സഹായിക്കുന്നതിന്റെ ഭാഗമായി വൈവിധ്യമാർന്ന സേവനങ്ങൾ ഏർപ്പെടുത്തിയതായി ഹറം കാര്യവകുപ്പിലെ വനിതാ സേവന വിഭാഗം അറിയിച്ചു. വിമൺസ് അഡ്മിനിസ്‌ട്രേറ്റീവ് ആന്റ് സർവീസ് വിഭാഗം പുറത്തിറക്കിയ സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ തീർഥാടകരെ സുഗമമായി കർമങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുമെന്ന് വകുപ്പ് മേധാവി ഡോ. കാമീലിയ ബിൻത് മുഹമ്മദ് അൽദഅ്ദി പറഞ്ഞു. ഇതിന് പുറമെ, നമസ്‌കാരത്തിനായി മുസല്ല കൊണ്ടുവരിക, നമസ്‌കാര സ്ഥലം വൃത്തിയാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങളിലും ഡിപ്പാർട്ട്‌മെന്റ് മേൽനോട്ടം വഹിക്കുന്നുണ്ട്. 'സുരക്ഷിത ഹറം' എന്ന പേരിൽ തീർഥാടകരെ സ്വീകരിക്കുന്നതിനായി പ്രത്യേക പ്രോഗ്രാം തന്നെ ആരംഭിച്ചതായി യാഡ് ആന്റ് വിമൺസ് മൊബിലിറ്റി സർവീസ് മാനേജ്‌മെന്റ് മേധാവി ഗദീർ അൽശിബിലി പറഞ്ഞു.
തീർഥാടകർക്ക് ആവശ്യമായ മാർഗനിർദേശം നൽകുന്നതിന് പുറമെ, നിഷേധാത്മക പ്രവണതയെ തടയിടുന്നതിനും പ്രോഗ്രാം ലക്ഷ്യമിടുന്നു. മസ്അയിൽ ഗ്രൗണ്ട് ഫ്‌ളോറിലും ഫസ്റ്റ് ഫ്‌ളോറിലും 24 മണിക്കൂറും തീർഥാടകർക്ക് സഹായവുമായി വളണ്ടിയർ സേവനം ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് വിമൺസ് സർവീസ് ജനറൽ അഡ്മിനിസ്‌ട്രേഷൻ മേധാവി വദ്ഹ അസീരിയും വ്യക്തമാക്കി.