തിരുവനന്തപുരം- നിയമസഭ കയ്യാങ്കളി കേസില്‍ ധാര്‍മികതയില്ലാത്ത പാര്‍ട്ടിയായി സിപിഎം മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്.
മന്ത്രി കോടതിയുടെ മുന്നില്‍ കൈയ്യും കെട്ടി നില്ക്കുമ്പോള് ധാര്‍മികത ബാധകമല്ലേയെന്ന് മുരളീധരന് ചോദിച്ചു. ധാര്‍മികതയുടെ പേരില്‍ മന്ത്രി ശിവന്‍കുട്ടി രാജിവക്കണം. അല്ലെങ്കില്‍ നാണം കെട്ട് പുറത്ത് പോകേണ്ടി വരും. ശിവന്‍കുട്ടിയെ മന്ത്രിസഭയില്‍ എടുത്തത് തന്നെ തെറ്റാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയത് അതിലും വലിയ തെറ്റാണെന്നും മുരളീധരന് പറഞ്ഞു.
കോടതി ശിക്ഷിച്ചാല്‍ ശിക്ഷ പല രീതിയിലാകാം. അത് ജഡ്ജിയുടെ അധികാരമാണ്. പക്ഷേ രണ്ടു വർഷത്തിൽ കൂടുതല്‍ ശിക്ഷിച്ചാല്‍ എംഎല്‍എ സ്ഥാനം പോകും. അതില്‍ കുറവാണ് ശിക്ഷിക്കുന്നതെങ്കില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വരുമല്ലോ എന്നും മുരളീധരന് പറഞ്ഞു.