മലപ്പുറം- നൂറിലധികം മോഷണക്കേസുകളിലെ പ്രതി പിടിയില്‍. അരീക്കോട് പെരകമണ്ണ സ്വദേശി വെള്ളാട്ടുചോല അബ്ദുള്‍ റഷീദ് (47)നെയാണ് സി.ഐ. സി. അലവിയുടെ നേതൃത്വത്തിലുള്ള പോലീസ് മഞ്ചേരിയില്‍ അറസ്റ്റു ചെയ്തത്. വള്ളുവമ്പ്രത്തെ പെട്രോള്‍ പമ്പില്‍നിന്ന് അഞ്ചുലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
ജയിലിലായിരുന്ന റഷീദ് ജൂണ്‍ അഞ്ചിനാണ് പുറത്തിറങ്ങിയത്. കോഴിക്കോട് മുക്കത്തുനിന്ന് മോഷ്ടിച്ച ബൈക്കില്‍ കറങ്ങിനടന്ന് പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവരികയായിരുന്നു. വള്ളുവമ്പ്രത്തെ പെട്രോള്‍ പമ്പ് മോഷണത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മഞ്ചേരി, കരുവാരക്കുണ്ട്, മുക്കം ഭാഗങ്ങളിലും പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് നടന്ന മോഷണക്കേസുകള്‍ക്കുപിന്നില്‍ ഇയാളാണെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച പണവുമായി ആഡംബര ജീവിതം നയിക്കുകയാണ് ഇയാളുടെ രീതി.