കോഴിക്കോട്- ബിപിഎല്‍ റേഷന്‍ കാര്‍ഡ് ഉടമകളിലെ അനര്‍ഹരെ കണ്ടെത്താന്‍ പ്രത്യേക സംഘങ്ങള്‍. റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ മുതല്‍ ജില്ലാ സപ്ലൈ ഓഫിസര്‍മാര്‍ വരെ സംഘത്തില്‍ ഉള്‍പ്പെടും.തിങ്കളാഴ്ച മുതല്‍ പരിശോധന ആരംഭിക്കും. നൂറോളം റേഷന്‍ കടയുടമകള്‍ക്കും ബിപിഎല്‍ കാര്‍ഡുണ്ടെന്നാണ് കണ്ടെത്തല്‍. റേഷന്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ മറ്റാവശ്യങ്ങള്‍ക്കാണ് കാര്‍ഡ് ഉപയോഗിക്കുന്നതെന്നും അധികൃതര്‍ കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഓണക്കിറ്റ് വിതരണത്തിനൊപ്പമാകും പരിശോധന നടക്കുക.
90 ലക്ഷത്തിലധികം കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍ ഇന്നലെ അറിയിച്ചു. ഓണക്കിറ്റില്‍ 15 ഇനങ്ങളാകും ഉണ്ടാകുക. ഓണം പ്രമാണിച്ച് മുന്‍ഗണനക്കാര്‍ക്ക് ഒരു ലിറ്റര്‍ മണ്ണെണ്ണ അധികമായി നല്‍കുമെന്ന് മന്ത്രി അറിയിച്ചു. വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ സ്‌പെഷ്യല്‍ അരി നല്‍കുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു.
അതേസമയം, സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ എല്ലാം ഗുണമേന്മയുള്ളതെന്ന അവകാശവാദം ഇല്ലെന്ന് ഉദ്ഘാടനത്തിനിടെ മന്ത്രി പറഞ്ഞു. വിലകുറയുന്നത് കൊണ്ടാണ് ഗുണമേന്മ കുറയുന്നതെന്നും ഗുണമേന്മ ഉറപ്പു വരുത്തി മുന്നോട്ടു പോകുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.