മെൽബൺ - ഓസ്‌ട്രേലിയൻ ഓപൺ ടെന്നിസിന്റെ മൂന്നാം റൗണ്ടിലേക്ക് മുന്നേറി പതിനഞ്ചുകാരി മാർത്ത കോസ്റ്റ്യൂക് അദ്ഭുതം കാട്ടി. 1996 ൽ മാർടിന ഹിൻഗിസ് ക്വാർട്ടറിലെത്തിയ ശേഷം ഓസ്‌ട്രേലിയൻ ഓപൺ മൂന്നാം റൗണ്ടിലെത്തുന്ന പ്രായം കുറഞ്ഞ കളിക്കാരിയാണ്. ഉക്രൈൻകാരി 6-3, 7-5 ന് ഓസ്‌ട്രേലിയൻ വൈൽഡ് കാർഡ് ഒലീവിയ റൊഗോവ്‌സ്‌കയെ തോൽപിച്ചു.
മെൽബൺ പാർക്കിൽ കോസ്റ്റ്യൂകിന്റെ തുടർച്ചയായ പതിനൊന്നാം ജയമാണ് ഇത്. 2017 ൽ ഓസ്‌ട്രേലിയൻ ഓപൺ ഗേൾസ് ചാമ്പ്യനായിരുന്നു.
ഉക്രൈന്റെ തന്നെ എലേന സ്വിറ്റോലിനയുമായാണ് കോസ്റ്റ്യൂക് കളിക്കേണ്ടത്. കോസ്റ്റ്യൂക്കിനെക്കുറിച്ച് കേട്ടിട്ടില്ലേയില്ലെന്ന് നാലാം സീഡ് പറഞ്ഞു.
521 ാം റാങ്കുകാരിയാണ് കോസ്റ്റ്യൂക്. ഗ്രാന്റ്സ്ലാമിൽ എന്നല്ല ഒരു ഡബ്ല്യു.ടി.എ ടൂർണമെന്റിൽ പോലും ആദ്യമായാണ് മുഖ്യ റൗണ്ടിൽ പ്രവേശനം നേടുന്നത്. പതിനഞ്ചുകാരിയെന്ന നിലയിൽ ഈ വർഷം 10 ടൂർണമെന്റുകൾ കളിക്കാനേ കോസ്റ്റ്യൂക്കിന് അനുവാദമുള്ളൂ.