Sorry, you need to enable JavaScript to visit this website.

വിവാദമൊഴിയാതെ കുതിരാൻ; സംസ്ഥാനമറിയാതെ  കേന്ദ്രം പാത തുറന്നു കൊടുത്തു

കുതിരാൻ തുരങ്കത്തിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നു

തൃശൂർ - ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ തൃശൂർ-പാലക്കാട് ദേശീയ പാതയിലെ ഇരട്ടത്തുരങ്ക പാതയിലെ ടണലുകളിലൊന്ന് ഇന്നലെ രാത്രി ഗതാഗതത്തിന് തുറന്നു കൊടുത്തു. 
മണിക്കൂറുകൾ കുതിരാനിൽ കുടുങ്ങിക്കിടന്നിരുന്ന യാത്രക്കാർക്ക് ആശ്വാസം പകർന്ന് തുരങ്കപാതയിലൊന്ന് തുറന്ന് വാഹനങ്ങൾ കടത്തി വിട്ടപ്പോൾ ആദ്യം കടന്നുപോയ വാഹനങ്ങളിലെ യാത്രക്കാർ ആർപ്പുവിളികളോടെയാണ് തുരങ്കം പിന്നിട്ടത്. 
കുതിരാൻ തുരങ്കം ഓഗസ്റ്റ് ഒന്നിനോ ഓഗസ്റ്റ് ആദ്യ ആഴ്ചയിലോ തുറക്കുമെന്നായിരുന്നു നേരത്തെ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നത്. നിർമാണം കഴിഞ്ഞതായി കരാർ കമ്പനിയും വ്യക്തമാക്കിയിരുന്നു. തുരങ്കം സന്ദർശിച്ച ദേശീയപാത ഉദ്യോഗസ്ഥർ റിപ്പോർട്ട് റീജ്യണൽ ഓഫിസിന് കൈമാറിയിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ച് അന്തിമ അനുമതി നൽകേണ്ടത് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പായിരുന്നു. ഈ അനുമതി അടുത്ത ആഴ്ച കിട്ടും എന്നായിരുന്നു കരുതിയതെങ്കിലും അപ്രതീക്ഷിതമായി ഇന്നലെ അനുമതി ലഭിക്കുകയായിരുന്നു. 


സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ പരിശോധനകൾക്ക് ശേഷം കേന്ദ്രസർക്കാരിൽനിന്നും അനുമതി കിട്ടിയതോടെയാണ് ടണൽ തുറന്നത്. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പാണ് കുതിരാൻ മലയിലെ ഇരട്ടടണലുകളിൽ ഒന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കാൻ അനുമതി നൽകിയത്.  ഉദ്ഘാടന ചടങ്ങടക്കമുള്ള ഔദ്യോഗിക പരിപാടികൾ ഒഴിവാക്കി ഗതാഗതയോഗ്യമായ ഒരു തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തി വിടാനാണ് ഉദ്യോഗസ്ഥർക്ക് കിട്ടിയ നിർദേശം. തുടർന്നാണ് രാത്രിയോടെ ടണൽ തുറന്നത്. രണ്ട് തുരങ്കങ്ങളുടേയും നിർമാണം പൂർത്തിയാക്കിയ ശേഷമായിരിക്കും കുതിരാൻ തുരങ്കത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം. കേന്ദ്ര പദ്ധതിയായ കുതിരാൻ തുരങ്കത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയായിരിക്കും നിർവഹിക്കുകയെന്നാണ് സൂചന. 


ദക്ഷിണേന്ത്യൻ റോഡുകളിലെ ആദ്യ ഇരട്ടക്കുഴൽ തുരങ്കമായ കുതിരാൻ ടണൽ കേരളത്തിലെ ആദ്യ തുരങ്കപാതയാണ്. കേരളത്തിലേക്കുള്ള ചരക്കുനീക്കം ഭൂരിഭാഗവും നടക്കുന്ന കൊച്ചി സേലം ദേശീയപാതയിൽ കുതിരാൻ ടണൽ തുറന്നത് ചരക്കു നീക്കത്തിനും ഏറെ സഹായമാകും. ടണലുകളിലൊന്ന് തുറക്കുന്നതിന്റെ ആശയക്കുഴപ്പം ഇന്നലെ ഉച്ചവരെയുണ്ടായിരുന്നു. 
പാത തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാന സർക്കാരിന് അറിയിപ്പോ അനുമതിയോ ലഭിച്ചിട്ടില്ലെന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇന്നലെ ഉച്ചയോടെ പറഞ്ഞത്. എന്നാൽ ജില്ലാ കലക്ടറെ ദേശീയപാതാ അതോറിറ്റി അധികൃതർ വിളിച്ചു വിവരമറിയിച്ചുവെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി. വൈകീട്ട്  അഞ്ചുമണിയോടെ തുരങ്കം തുറക്കുമെന്ന് അറിയിച്ചെങ്കിലും രാത്രി എട്ടുമണിയോടെയാണ് തുറന്നത്. ഓഗസ്റ്റ് ആദ്യം തുരങ്കം തുറക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നതിനിടെ കേന്ദ്രസർക്കാർ ഇടപെട്ട് ജൂലൈ അവസാന ദിവസം തുരങ്കം തുറന്നുകൊടുത്ത് കയ്യടി നേടിയത് സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയായി. 


2018 ലൈ പ്രളയകാലത്ത് അവശ്യ സർവീസുകൾക്ക് കടന്നുപോകാനായി തുരങ്കപാത തുറന്നുകൊടുത്തിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്ക് വാഹനങ്ങൾ, ആംബുലൻസുകൾ, പോലീസ് ഫയർഫോഴ്‌സ്, ദുരിതാശ്വാസ സാമഗ്രികൾ കൊണ്ടുവരുന്ന വാഹനങ്ങൾ, മറ്റ് അത്യാവശ്യ സർവീസുകൾ എന്നിവയാണ് അന്ന് തുരങ്കപാത വഴി കടത്തി വിട്ടത്. പിന്നീട് കുതിരാനിൽ വാഹനങ്ങൾ കേടായി രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായപ്പോൾ പോലീസ് ഇടപെട്ട് ടണൽ വഴി വാഹനങ്ങൾ കടത്തിവിട്ടത് വിവാദമായിരുന്നു. ഒടുവിൽ തുരങ്കപാത തുറന്നുകൊടുത്തപ്പോഴും വിവാദങ്ങൾ വിട്ടൊഴിയാതെ നിൽക്കുകയാണ്. പാത തുറന്നുകൊടുക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞതും സംസ്ഥാന സർക്കാരിനെ അറിയിക്കാതെ വാഹനങ്ങൾ തുരങ്കപാതയിലൂടെ കടത്തിവിടാൻ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി നിർദേശം നൽകിയതും ഇനി ആളിക്കത്താൻ സാധ്യതയുണ്ട്. 
വിവാദങ്ങൾക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കുതിരാൻ വിഷയത്തിൽ അധികാരമേറ്റതു മുതൽ സജീവമായി ഇടപെട്ട സംസ്ഥാന പൊതുമരാമത്ത് വകുപ്പു മന്ത്രിക്ക് കനത്ത തിരിച്ചടിയായി. 

 



 

Latest News