- ഇരുപത്തേഴാം സെക്കന്റിൽ ആദ്യ ഗോൾ; ബ്ലാസ്റ്റേഴ്‌സിന് 2-1 തോൽവി
ജാംഷഡ്പൂർ - പന്ത് ടച്ച് ചെയ്യും മുമ്പെ സ്വന്തം വലയിൽ പന്തെത്തുന്നതു കണ്ട കേരളാ ബ്ലാസ്റ്റേഴ്‌സിന് ഐ.എസ്.എല്ലിൽ തോൽവി. ഇരുപത്തേഴാം സെക്കന്റിൽ ജെറി മാമിൻഗ്താംഗ നേടിയ ഗോൾ ഐ.എസ്.എല്ലിലെ തന്നെ വേഗമേറിയ ഗോളാണ്.
മുപ്പത്തൊന്നാം മിനിറ്റിൽ അശീം ബിശ്വാസും ഗോളടിച്ചതോടെ 2-1 നാണ് ജാംഷഡ്പൂർ എഫ്.സി ജയിച്ചത്. മുൻ പരിശീലകൻ സ്റ്റീവ് കോപ്പലിന്റെ ടീമിനോട് തോറ്റത് ബ്ലാസ്റ്റേഴ്‌സിന് നാണക്കേടായി. 10 കളിയിൽ മൂന്നാം ജയം നേടിയ ജാംഷഡ്പൂരിന് 13 പോയന്റായി. 11 കളിയിൽ 14 പോയന്റാണ് ബ്ലാസ്റ്റേഴ്‌സിന്.
തുടർച്ചയായ മൂന്നാം ജയം തേടിയിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് പന്തുരുളുമ്പോഴേക്കും പ്രഹരമേറ്റു. പരിക്ക് ഭേദമായ സി.കെ വിനീതിനെ ആദ്യ ഇലവനിലുൾപെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. ടച്ച് ചെയ്ത പന്തുമായി കുതിച്ച അശീം ബിശ്വാസ് ബോക്‌സിലേക്ക് ഉയർത്തിയപ്പോൾ മാമിൻഗ്താംഗ ജാഗ്രതയോടെ ഉണ്ടായിരുന്നു. ഗോളിയെയും വെട്ടിച്ച് സ്‌ട്രൈക്കർ പന്ത് വലയിൽ നിക്ഷേപിച്ചു. ആ ഗോൾ ബ്ലാസ്റ്റേഴ്‌സിനെ ഉലച്ചു. പിന്നീടങ്ങോട്ട് ആതിഥേയരുടെ പടയോട്ടമായിരുന്നു. നിരന്തരമായ ക്രോസുകളിൽ ബ്ലാസ്റ്റേഴ്‌സ് ഗോൾമുഖം വിറച്ചു. അതിനിടയിൽ ഗോൾ മടക്കാൻ ബ്ലാസ്റ്റേഴ്‌സിന് അവസരം ലഭിച്ചതായിരുന്നു. എന്നാൽ ഇയാൻ ഹ്യൂമിന്റെ ഹെഡർ ഗോൾലൈനിൽ യുംനം രാജു രക്ഷിച്ചു. അര മണിക്കൂർ പിന്നിടുമ്പോഴേക്കും വീണ്ടും ബ്ലാസ്റ്റേഴ്‌സ് വലയിൽ ഗോൾ വീണു. മാമിൻഗ്താംഗയും ബികാഷ് ജയ്‌റുവും ചേർന്നു നടത്തിയ നീക്കത്തിനൊടുവിൽ പന്ത് ക്ലിയർ ചെയ്യാൻ സന്ദേശ് ജിൻഗാന് പിഴച്ചതാണ് ഗോളിന് കാരണം. ജിൻഗാന്റെ പിന്നിൽനിന്ന് ബിശ്വാസ് അടിച്ച ഷോട്ട് വല കുലുക്കി.
രണ്ടാം പകുതി ജാംഷഡ്പൂരിന്റെ ആക്രമണത്തോടെയാണ് ആരംഭിച്ചത്. എന്നാൽ ക്രമേണ കളി വിരസമായി. ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ ശ്രമങ്ങൾ ഇറങ്ങി നിന്ന് ആതിഥേയർ വിഫലമാക്കി. ഇഞ്ചുറി ടൈം വരെ പൊരുതേണ്ടിവന്നു ബ്ലാസ്റ്റേഴ്‌സിന് ഒരു ഗോൾ മടക്കാൻ. പകരക്കാരൻ മാർക്ക് സിഫ്‌നിയോസാണ് ഗോളടിച്ചത്. സ്വന്തം ഗ്രൗണ്ടിൽ ജാംഷഡ്പൂരിന്റെ ആദ്യ വിജയമാണ് ഇത്. ഡേവിഡ് ജെയിംസ് കോച്ചായി വന്നശേഷം നാലു കളികളിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ പരാജയമാണ് ഇത്.