കൊച്ചി-കോതമംഗലത്തെ അരുംകൊല കേരളജനത നടുക്കത്തോടെയാണ് കേട്ടറിഞ്ഞത്. 24 വയസുകാരിയായ മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ യുവാവും സ്വയം വെടിവച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രണയം നിരസിച്ചതിന്റെ പേരില്‍ ജീവന്‍ പൊലിയുന്ന അനേകം പെണ്‍കുട്ടികളില്‍ ഏറ്റവും ഒടുവിലത്തെ പേരാണ് മാനസയുടേത്.
കേരളം ഞെട്ടലോടെ കേട്ട പ്രണയപ്രതികാര കഥയാണ് കോട്ടയം എസ്എംഇ കോളജിലുണ്ടായ ധാരുണ സംഭവം.2017 ഫെബ്രുവരിയില്‍ കോളജ് വിദ്യാര്‍ഥിനിയും ഹരിപ്പാട് സ്വദേശിനിയുമായ ലക്ഷ്മിയെ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് എസ്എംഇയിലെ പൂര്‍വ വിദ്യാര്‍ഥി ആദര്‍ശ് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. പ്രതികാര നടപടിക്കൊടുവില്‍ കാമുകനായ ആദര്‍ശും സ്വയം ജീവനൊടുക്കി.
പിന്നീട് 2019 ലെ മറ്റൊരു പ്രണയ പ്രതികാരവും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചു. 2019 മാര്‍ച്ച് 12നായിരുന്നു സംഭവം
തിരുവല്ല അയിരൂര്‍ സ്വദേശി കവിത വിജയകുമാറിനെ പ്രണയം നിഷേധിച്ചതിന്റെ പേരില്‍ അജിന്‍ റെജി മാത്യൂസ് (18) എന്ന യുവാവ് പൊതുവഴിയില്‍ തടഞ്ഞു നിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു. റേഡിയോളജി കോഴ്‌സ് പഠിക്കുന്ന കവിത കോളേജിലേയ്ക്ക് പോകുന്ന വഴിയ്ക്കായിരുന്നു കൊലപാതകം. കവിത, പ്രണയം നിരസിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതികാരമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്.
അതേ വര്‍ഷം ഏപ്രില്‍ നാലാം തിയതിയാണ് തൃശൂര്‍ ചീയാരത്ത് എഞ്ചിനിയറിങ്ങ് കോളേജ് വിദ്യാര്‍ഥിനിയായ നീതു(22) പ്രണയാഗ്‌നിയില്‍ കൊല്ലപ്പെട്ടത്. വടക്കേകാട് സ്വദേശി നിതീഷ് വീട്ടിലെത്തി പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു.
2019 ജൂലൈ പതിനാലാം തിയതി കേരളം കേട്ടത് മറ്റൊരു പ്രണയ കൊലപാതകമായിരുന്നു. അന്ന് കൊല്ലപ്പെട്ടത് പത്തനംതിട്ട കടമനിട്ട സ്വദേശിനി 17കാരി ശാരിക. പെണ്‍കുട്ടിയുടെ അകന്നബന്ധു കൂടിയായ സജില്‍(20) വീട്ടില്‍ എത്തി പെണ്‍കുട്ടിയെ വിളിച്ച് ഇറക്കിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
2019 ഒക്ടോബര്‍ പത്താം തിയതി കൊച്ചി കാക്കനാട് പ്ലസ് ടു വിദ്യാര്‍ഥിനി ദേവികയുടെ മരണവും മറ്റൊരു പ്രണയ പ്രതികാര കഥ. പറവൂര്‍ സ്വദേശിയായ മിഥുന്‍, രാത്രി ദേവികയുടെ വീട്ടിലെത്തി പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒപ്പം മിഥുന്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു.
2021 ജൂലൈ 30നാണ് നെല്ലുക്കുഴി ഇന്ദിരാഗാന്ധി ഡന്റല്‍ കോളജിലെ കൊലപാതകം നന്നത്. കൊല്ലപ്പെട്ട മാനസയ്ക്ക് 24 വയസായിരുന്നു. കോളജിനോട് ചേര്‍ന്ന് മാനസ താമസിക്കുന്ന വാടക വീട്ടില്‍ വച്ചാണ് കൊലപാതകം നടക്കുന്നത്. രഖില്‍ എന്ന യുവാവാണ് മാനസയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് രഖില്‍ സ്വയം വെടിവച്ച് മരിച്ചു.
രണ്ട് വെടിയാണ് മാനസിക്ക് ഏറ്റത്. വലത് ചെവിയുടെ താഴ്ഭാഗത്തായി ഒരു വെടിയേറ്റിട്ടുണ്ട് . രണ്ടാമത്തെ വെടി നെഞ്ചിന്റെ വലതുഭാഗത്താണ് ഏറ്റത്. വെടിയുണ്ട ശരീരത്തില്‍ കയറി ഇറങ്ങി പോയ പാടുകളുണ്ടെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്.